യുഡിഎഫ് അടുക്കളയിൽ വേവിച്ചെടുത്തതല്ല സ്വർണക്കടത്ത് കേസ്; ചോദ്യങ്ങളെറിഞ്ഞ് ഷാഫി

സ്വര്‍ണക്കടത്തുകേസില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. യുഡിഎഫ് അടുക്കളയില്‍ വേവിച്ചെടുത്തതല്ല സ്വര്‍ണക്കടത്ത് കേസെന്ന് പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍. കേസില്‍ പ്രതിപക്ഷത്തിന് പ്രത്യേക താല്‍പര്യമില്ലെന്നും ഷാഫി പറഞ്ഞു. വിഷയത്തിലേക്ക് കടന്നതോടെ നിയമമന്ത്രി പി.രാജീവ് ക്രമപ്രശ്നം ഉന്നയിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി സഭയില്‍ ഉന്നയിക്കാനാവില്ലെന്നായിരുന്നു രാജീവിന്റെ നിലപാട്. ക്രമ പ്രശ്നം  ഉന്നയിച്ചത് അസ്വസ്ഥത കൊണ്ടെന്ന് ഷാഫി തിരിച്ചടിച്ചു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഉള്ളത് ഗുരുതര ആരോപണങ്ങൾ എന്ന് മാധ്യമങ്ങൾ പറയുന്നു. ചർച്ചക്കെടുത്തത് തെറ്റായിപ്പോയെന്ന് സര്‍ക്കാരിന് തോന്നുന്നെങ്കിൽ തുറന്നുപറയണമെന്ന് ഷാഫി. ആരോപണങ്ങൾ തെറ്റെങ്കിൽ എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകിയില്ലെന്നും ഷാഫി ചോദിച്ചു.

സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ച് സര്‍ക്കാരിനെതിരെ ഷാഫി ചോദ്യങ്ങളെറിഞ്ഞു. സ്വപ്നയ്ക്കെതിെര കേസെടുത്തതെന്തിന് ? സരിത്തിനെ പിടിച്ചുകൊണ്ടുപോയത് എന്തിന്? ആരാണ് ഷാജ് കിരണ്‍ ? എന്തുകൊണ്ട് ഷാജ് കിരണ്‍  എന്ന അവതാരത്തിനെതിരെ കേസെടുത്തില്ല? എന്തിനാണ് വിജിലന്‍സ് മേധാവിയെ മാറ്റിയത് ?ഷാജും വിജിലന്‍സ് മേധാവിയായിരുന്ന അജിത് കുമാറുമായുള്ള ബന്ധം എന്താണ് ? അവതാരങ്ങളുടെ ചാകരയാണ് മുഖ്യമന്ത്രിയുടെ ഒാഫീസെന്ന് പിണറായിയുടെ വാക്കുകള്‍ തന്നെ ഓര്‍മിപ്പിച്ച് ഷാഫി പരിഹസിച്ചു. 

യു എ ഇ യാത്രയിൽ മുഖ്യമന്ത്രിയുടെ ബാഗ് മറന്നെന്ന് ശിവശങ്കർ കസ്റ്റംസിന് മൊഴി നൽകി.  ബാഗ് മറന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയിലും ഇക്കാര്യം പറഞ്ഞു. അപ്പോള്‍ ആരാണ് കളളം പറയുന്നതെന്ന് ഷാഫി ചോദിച്ചു. ശിവശങ്കർ കള്ളം പറഞ്ഞെങ്കിൽ ആ സ്ഥാനത്തിരിക്കാൻ അയാൾ അര്‍ഹനാണോ? മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശിവശങ്കര്‍ പുസ്തകം എഴുതിയത്. ജേക്കബ് തോമസിനെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ എന്തുികൊണ്ട് ശിവശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ഷാഫി ചോദിച്ചു.

സ്വപ്നക്ക് വിശ്വാസ സർട്ടിഫിക്കറ്റ് നൽകലല്ല പ്രതിപക്ഷ ലക്ഷ്യം. സ്വപ്നയ്ക്ക് മികച്ച സ്വഭാവ സർട്ടിഫിക്കറ്റ് നല്‍കിയത് സിപിഎം ആണ്. മടിയിൽ കനമില്ല, വഴിയിൽ പേടിയില്ല എന്ന പൊങ്ങച്ചമല്ല, സത്യസന്ധമായ മറുപടിയാണ് നൽകേണ്ട്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.