ശിവസേന നിലപാടില്‍ കോണ്‍ഗ്രസിനു അതൃപ്തി; മഹാസഖ്യം വിടണമെങ്കില്‍ ചര്‍ച്ചചെയ്യാം

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ കള്ളക്കളിക്കെതിരെ പോരാടുമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. 

ശിവസേനയ്ക്ക് മഹാസഖ്യം വിടണമെങ്കില്‍ അതും ചര്‍ച്ചചെയ്യാം. സഖ്യം വിടണമെങ്കില്‍ ഉദ്ധവ് പവാറുമായി സംസാരിക്കട്ടെയെന്ന് എന്‍.സി.പിയും നിലപാടെടുത്തു. 

ഭരണപ്രതിസന്ധി തുടരുന്നു

മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നു. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടി  പിടിക്കുമെന്ന് ഉറപ്പായിരിക്കെ ശിവസേന നേതൃത്വം നിര്‍ണായക നീക്കങ്ങള്‍ തുടങ്ങി.  വിമതര്‍ മുംൈബയിലെത്തിയാല്‍ മഹാസഖ്യം ഉപേക്ഷിക്കുന്നതടക്കം ചര്‍ച്ച ചെയ്യാമെന്നാണ് വാഗ്ദാനം. വിമത എം.എല്‍.എമാരില്‍ 21 പേര്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത് പറ‍ഞ്ഞു. അതേസമയം ഒപ്പമുള്ള 42 എം.എല്‍.എമാരുടെ  ദൃശ്യം ഷിന്‍ഡെ പുറത്തുവിട്ടു. 35 പേര്‍ ശിവസേനയില്‍ നിന്നും ഏഴുപേര്‍ സ്വതന്ത്രരുമാണ്. മകന്‍ ആദിത്യ താക്കറെ അടക്കം 13പേര്‍ മാത്രമാണ് ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. 

ശിവസേന നിലപാടില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും അതൃപ്തിയുണ്ടെന്നാണ് സൂചന. ഇരുപാര്‍ട്ടികളുടെയും അടിയന്തര നേതൃയോഗങ്ങള്‍ വൈകിട്ട് ചേരും. 

ഗവര്‍ണര്‍ നാളെ രാജ്ഭവനിലെത്തും. അതേസമയം, ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം ആക്ടിങ് സ്പീക്കര്‍ തള്ളി. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം ശിവസേന തുടരുകയാണ്. 24 മണിക്കൂറിനകം മുംബൈയില്‍ മടങ്ങിയെത്താന്‍ വിമതരോട് ശിവസേന ആവശ്യപ്പെട്ടു. 

മഹാസഖ്യം ഉപേക്ഷിക്കുന്നതടക്കമുള്ള പരാതികള്‍ ചര്‍ച്ചചെയ്യാമെന്നും വിമതരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഉദ്ധവ് താക്കറെ തയാറാണെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.  സര്‍ക്കാര്‍ വീഴാനുള്ള സാഹചര്യത്തില്‍ ഒരുങ്ങിയിരിക്കാന്‍ ശരത് പവാര്‍ എന്‍സിപി നേതാക്കള്‍ക്ക്  നിര്‍ദേശം നല്‍കി