എല്‍ജെ‍ഡി ജെഡിഎസില്‍ ലയിക്കും; ഭിന്നതകള്‍ പരിഹരിച്ചു: ശ്രേയാംസ്കുമാർ

സംസ്ഥാനത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടികളായ എല്‍ജെഡിയും ജെഡിഎസും ലയിക്കും. മാത്യു ടി തോമസ് പ്രസിഡന്‍റായി തുടരും. പ്രസിഡന്‍റ് പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും സോഷ്യലിസ്റ്റ് ഐക്യത്തിനാണ് പ്രാധാന്യമെന്നും എം.വി. ശ്രേയാംസ്കുമാര്‍ പ്രതികരിച്ചു. ഭാരവാഹിത്വങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം ലയനസമ്മേളനം നടത്തും. 13 വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും വിട. എല്‍ജെഡിയും ജെഡിഎസും ഒന്നിക്കുകയാണ്. എല്‍ജെഡി ജെഎസില്‍ ലയിക്കാനാണ് തീരുമാനം. നിലവിലെ പ്രസിഡന്‍റ് മാത്യുടി തോമസ് മാറില്ല. എല്‍ജെഡി പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാറിന് ദേശീയ ഭാരവാഹിത്വം ലഭിക്കും. 20 സംസ്ഥാന ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കും. ഏഴ് ജില്ലകള്‍ എല്‍ജെഡിക്കും ഏഴ് ജെഡിഎസിനും ലഭിക്കും. 

കെ.പി. മോഹനന്‍ എംഎല്‍എ യോഗത്തിനെത്തിയിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടികള്‍ക്കായി പോയതാണെന്നാണ് എം.വി. ശ്രേയാംസ്കുമാറിന്‍റെ വിശദീകരണം. 2009ല്‍ എം.പി. വീരേന്ദ്രകുമാറിന് പാര്‍ലമെ‍ന്‍റ് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയാണ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേയ്ക്ക് പോകാന്‍  തീരുമാനിച്ചത്. എന്നാല്‍ മാത്യു ടി തോമസിന്‍റെയും കെ. കൃഷ്ണന്‍കുട്ടിയുടേയും നേതൃത്വത്തിലുള്ള സംഘം ജെഎഡിഎസായി എല്‍ഡിഎഫില്‍ തുടര്‍ന്നു. 2018 ല്‍ എല്‍ജെഡി എല്‍ഡിഎഫില്‍ തിരിച്ചെത്തിയെങ്കിലും ഇരുകൂട്ടരും വ്യത്യസ്ഥപാര്‍ട്ടികളായി ഒരേമുന്നണിയില്‍ തുടരുകയായിരുന്നു.  എം.പി. വീരേന്ദ്രകുമാര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് വീണ്ടും ലയന ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സജീവമായത്. മാസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതോടെ ലയനം യാഥാര്‍ഥ്യമാവുകയാണ്.