എം.കെ.പ്രേംനാഥിന് ചികില്‍സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി; പ്രതിഷേധം കടുപ്പിച്ച് എല്‍ജെഡി

വടകര മുന്‍ എംഎല്‍എ എം.കെ.പ്രേംനാഥിന് യഥാസമയം ചികില്‍സ കിട്ടിയില്ലെന്ന പരാതിയില്‍ പ്രതിഷേധം കടുപ്പിച്ച് എല്‍ജെഡി. നടക്കാവിലെ ന്യൂറോളജി വിദഗ്ധന്‍റെ വീട്ടിലേയ്ക്ക് യുവജനതാദള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. പരാതിയില്‍ അധികം വൈകാതെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. 

ചികില്‍സ നല്‍കാതെ എംകെ പ്രേംനാഥിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടുവെന്നാണ് എല്‍ജെഡിയുടെ ആരോപണം. ഇക്കാര്യത്തില്‍ കര്‍ശനനടപടി വേണമെന്ന് ആവശ്യപ്പെട്ട് നടക്കാവില്‍ നിന്ന് ഡോക്ടറുടെ വീട്ടിലേയ്ക്ക് നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

പക്ഷാഘാതം ഉണ്ടായ ഉടന്‍ എം.കെ. പ്രേംനാഥിനെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും പരിശോധനാ രേഖകള്‍ ഇല്ലാത്തതിനാല്‍ ചികില്‍സിക്കാനാകില്ലെന്നാണ് ഡോക്ടര്‍ നിലപാടെടുത്തെന്നാണ് ആരോപണം.  തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.  എന്നാല്‍ നിപ കാലമായതിനാല്‍ പ്രേംനാഥ് മാസ്ക് ധരിച്ചിരുന്നുവെന്നും തിരിച്ചറിയാത്തതിനാല്‍ ഉണ്ടായ പ്രശ്നമാണിതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ജെഡി സംസ്ഥാന പ്രസി‍ഡന്‍റ് എം.വി. ശ്രേയാംസ്കുമാര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചിരുന്നു.

Ex MLA's death; LJD conducts march to doctor's house at nadakakvu