പിസി ജോര്‍ജ് സ്റ്റേഷനില്‍ എത്തും; പ്രതിഷേധിച്ച് പിഡിപി; പിന്തുണയുമായി ബിജെപി

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി പി.സി.ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായേക്കും. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  പ്രതിഷേധിച്ച പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി.സി.ജോര്‍ജിന് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ തടിച്ചു കൂടി.

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദ് ചെയ്തു. ഇതോടെയാണ് പി.സി ജോർജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കിയത്. കേസിൽ നേരത്തെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമർപ്പിച്ച സിഡി കോടതിയിൽ സമർപ്പിച്ചിരുന്നു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് പ്രോസിക്യൂഷൻ‌ കോടതി കണ്ടെത്തിയത്.