വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന് ഇടക്കാല ജാമ്യം

വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച വരെ അറസ്റ്റ് തടഞ്ഞു. പൊതുജനമധ്യത്തിലും മാധ്യമങ്ങളിലും പ്രസ്താവന നടത്തുന്നതില്‍ നിന്ന് പിസിയെ കോടതി വിലക്കി. തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗക്കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ വിചാരണക്കോടതി ബുധനാഴ്ച വിധി പറയും. ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത് . വെണ്ണല മഹാദേവക്ഷേത്രത്തിലെ പ്രസംഗത്തില്‍ നിന്ന് ചില ഭാഗങ്ങള്‍മാത്രം അടര്‍ത്തിമാറ്റി പൊലീസ് കേസെടുത്തെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തിരുവനന്തപുരത്തെ കേസില്‍ ജാമ്യം ലഭിച്ചതിലുളള പ്രതികാരമാണ് പുതിയ കേസ്. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ കോടതിക്ക് ബോധ്യമാവുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

പിസി ജോര്‍ജ് ഉടന്‍ വിചാരണാക്കോടതിയില്‍ കീഴടങ്ങണമെന്ന് പറ‍ഞ്ഞ സര്‍ക്കാര്‍ ജാമ്യം നല്‍കിയാല്‍ ഇതേ കുറ്റം ആവര്‍ത്തിക്കില്ലെന്ന് എന്തുറപ്പാണെന്ന് ചോദിച്ചു.  കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയ ഹൈക്കോടതി അതുവരെ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. ഒരുസമുദായത്തിന്റെ ആരാധാനാലയത്തില്‍പോയി മറ്റൊരു സമുദയത്തിനെതിരെ പറയുന്നത് സ്പര്‍ധയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. പൊതുജനമധ്യത്തിലും മാധ്യമങ്ങളിലും പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പിസിയെ കോടതി വിലക്കി.  തിരുവനന്തപുരം   ഹിന്ദുമഹാസമ്മേളനത്തില്‍   വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ വിചാരണക്കോടതി ബുധനാഴ്ച വിധി പറയും ജുഡീഷ്യല്‍ ഒന്നാം ക്ളാസ് കോടതിയിലാണ് വിധി പറയുന്നത്. ജാമ്യ ഉപാധി ലംഘിച്ച് പി.സി.ജോര്‍ജ് എറണാകുളം വെണ്ണലയില്‍ വീണ്ടും പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് പൊലീസ് അപ്പീല്‍ നല്‍കിയത്.