ഐഎൻടിയുസിയെ തളളിപ്പറഞ്ഞിട്ടില്ല; പിന്നിൽ കുത്തിത്തിരിപ്പ് സംഘങ്ങൾ: സതീശൻ

ഐഎൻടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയല്ല എന്ന നിലപാട് തിരുത്തേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു അവിഭാജ്യസംഘടനയാണ് ഐഎൻടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണ്. ഐഎൻടിയുസിയെ തളളിപ്പറഞ്ഞിട്ടില്ല. കുത്തിത്തിരിപ്പ് സംഘങ്ങളാണ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ചങ്ങനാശേരിയിലെ പ്രകടനത്തില്‍ പാര്‍‌ട്ടി തീരുമാനമെടുക്കുമെന്നും വി.ഡി സതീശന്‍. ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നു. അക്രമങ്ങളെ ചന്ദ്രശേഖരനും അപലപിച്ചിരുന്നു. മാണി സി.കാപ്പനുമായി പ്രശ്നങ്ങളില്ലെന്നും കാപ്പൻ യു‍ഡിഎഫ് വിടില്ലെന്നും സതീശൻ കോട്ടയത്ത് പറഞ്ഞു. വിഡിയോ കാണാം. 

അതേസമയം, ഐ.എന്‍.ടി.യുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് സതീശന്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തിനെതിരെ ചങ്ങനാശേരിയില്‍ ഐ.എന്‍.ടി.യുസിയുടെ പ്രതിഷേധ പ്രകടനം. ഇത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഐ.എന്‍.ടി.യുസി  സംസ്ഥാന അധ്യക്ഷന്‍ ആര്‍ചന്ദ്രശേഖരന്‍ പറഞ്ഞു. കടുത്ത രോഷത്തോടെയായിരുന്നു ഐ.എന്‍.ടി.യുസി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. പ്രകടനം നയിച്ചത് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി.പി.തോമസ്. പോഷക സംഘടനയല്ലെങ്കില്‍ ഇങ്ങനെ തുടരുന്നതില്‍ എന്താണ് അര്‍ഥമെന്ന് പി.പി.തോമസ് ചോദിച്ചു.

പ്രതിഷേധത്തെ ഐ.എന്‍.ടി.യു.സി. സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ തള്ളി. ഐ.എൻ.ടി.യു.സി സർക്കാറുമായി ഒത്തുകളിക്കുന്നു എന്ന വിമർശനം അടുത്തിടെ ഉയർന്നിരുന്നു എന്നും പ്രതിഷേധത്തെ തള്ളിപ്പറയുന്നു എന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കോണ്‍ഗ്രസിന്‍റെ അംഗീകൃത സംഘടനയാണ് ഐഎന്‍ടിയുസിയെന്നും മുല്ലപ്പള്ളി പറഞ്ഞു. വി.ഡി.സതീശന്‍റെ പരാമര്‍ശം ചര്‍ച്ച ചെയ്യാന്‍ ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചങ്ങനാശേരിയില്‍ വന്നുപോയതിന് പിന്നാലെയുണ്ടായ പ്രതിഷേധം ഗ്രൂപ്പു പോരിന്‍റെ ഭാഗമാണെന്നും ആരോപണമുണ്ട്.