സതീശനെതിരെ ഐഎന്‍ടിയുസി പ്രകടനം; രോഷം: തള്ളി സംസ്ഥാന അധ്യക്ഷന്‍

പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശനെതിരായ ഐഎന്‍ടിയുസി പ്രകടനത്തെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍. പരാതി പറയേണ്ട സമയമല്ല ഇതെന്ന് ആര്‍.ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. പ്രതിഷേധങ്ങള്‍ പാടില്ലെന്നും അദ്ദേഹം വൈക്കത്ത് പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ ചങ്ങനാശേരിയില്‍ ഐ.എന്‍.ടി.യുസിയുടെ പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പരാമര്‍ശത്തിന് എതിരെയായിരുന്നു പ്രതിഷേധം.  

കടുത്ത രോഷത്തോടെയായിരുന്നു ഐ.എന്‍.ടി.യുസി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. പ്രകടനം നയിച്ചത് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി.പി.തോമസ്. ചങ്ങനാശേരി നഗരത്തിലൂടെയായിരുന്നു പ്രതിഷേധ പ്രകടനം. പോഷക സംഘടനയല്ലെങ്കില്‍ ഇങ്ങനെ തുടരുന്നതില്‍ എന്താണ് അര്‍ഥമെന്ന് പി.പി.തോമസ് ചോദിച്ചു. പണിയെടുക്കാതെ ഖദറിട്ടു നടക്കുന്ന നേതാക്കളാണ് ചങ്ങനാശേരിയിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ ആരോപിച്ചു. വി.ഡി.സതീശന്‍ പരാമര്‍ശം പിന്‍വലിക്കുകയോ മാപ്പുപറയുകയോ വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.