മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; നോര്‍ക്ക പ്രത്യേകസെല്‍ തുറന്നു

യുക്രെയ്നിലെ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരെന്ന് ‘നോര്‍ക്ക’ ഉപാധ്യക്ഷന്‍ പി.ശ്രീരാമകൃഷ്ണന്‍ മനോരമ ന്യൂസിനോട്. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു.  കുട്ടികള്‍ക്ക് എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് ‘നോര്‍ക്ക’യെ സമീപിക്കാമെന്നും പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. വിഡിയോ കാണാം.

അതേസമയം, അതിര്‍ത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിന്‍വലിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെന്‍ യുദ്ധഭീതിയില്‍ നേരിയ അയവ്. എന്നാല്‍ ‌‌‌ആക്രമണ സാധ്യത ഇപ്പോഴുമുണ്ടെന്ന് അമേരിക്ക. യുക്രെയ്നില്‍നിന്ന് മലയാളികള്‍ മടങ്ങിത്തുടങ്ങിയെങ്കിലും വിമാനമില്ലാത്തത് പ്രതിസന്ധിയായി. നാറ്റോ സഖ്യത്തിന് മുന്നില്‍വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന റഷ്യ, ഭാഗികമായ സേനാ പിന്‍മാറ്റം താല്‍കാലികമാണെന്ന സൂചന നല്‍കി. അമേരിക്കയുമായും നാറ്റോയുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. റഷ്യ ഉയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന വാദവുമായി ജര്‍മനി രംഗത്തെത്തിയതോടെ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. 

എന്നാല്‍ ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന നിലപാടിലാണ് അമേരിക്ക. അതിനിടെ സൈബര്‍ ആക്രമണത്തില്‍  യുക്രെയിനിലെ പ്രതിരോധമന്ത്രാലയത്തിന്റെയും  ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതിന് പിന്നില്‍ റഷ്യയാണെന്ന് യുക്രെയ്ന്‍ ആരോപിച്ചെങ്കിലും റഷ്യ പ്രതികരിച്ചില്ല.  ഇന്ത്യക്കാര്‍ മടങ്ങണമെന്ന നിര്‍ദേശം എംബസി നല്‍കിയശേഷം ഇന്നലെ  മടങ്ങിയത് നാലുപേര്‍ മാത്രമാണ്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്നിലെ മലയാളികള്‍. തങ്ങള്‍ സുരക്ഷിതരാണെന്നും ക്ലാസുകള്‍ ഒാണ്‍ലൈനാക്കിയെന്നും യുക്രെയ്നിലെ മലയാളി വിദ്യാര്‍ഥികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.