മോഹൻലാൽ നേരിട്ടെത്തി; കൊച്ചിയിൽ അർധരാത്രി മരക്കാർ ആവേശം

മലയാളസിനിമയില്‍ പുതുചരിത്രം കുറിച്ച്, തിയേറ്ററുകളെ പൂരപ്പറമ്പാക്കി കുഞ്ഞാലിമരയ്ക്കാര്‍ പ്രദര്‍ശനം തുടങ്ങി. അര്‍ധരാത്രിയിലെ ആദ്യ പ്രദര്‍ശനത്തിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തിയറ്ററിലെത്തി. നാലായിരത്തോളം തിയേറ്ററുകളാണ് മരയ്ക്കാറിനായി മാറ്റിവച്ചിരിക്കുന്നത്. നേരം ഇരുട്ടിയതുമുതല്‍ തിയേറ്ററുകളിലെല്ലാം പള്ളിപ്പെരുന്നാളിന്റെ ആവേശമായിരുന്നു. വെളിച്ചവും ശബ്ദവുമെല്ലാം ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിളമ്പരമായി. പതിയെ തുടങ്ങിയ മഴ കനത്തു, ആരാധകരുടെ ആവേശവും കട്ടയ്ക്ക് നിന്നു. സാക്ഷാല്‍ കുഞ്ഞാലിയുടെ വരവ് കാത്ത് നിന്നവരുടെ തിരക്ക് ഏറിവന്നു. കൃത്യം 12 മണിയോടെ മലയാളത്തിന്റെ മഹാനടന്‍ ആരാധകര്‍ക്ക് നടുവിലൂടെ തിയേറ്ററിലേക്ക്.

തിയേറ്ററിനകത്ത് ഇരുട്ട് വീണതോടെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം,, സ്ക്രീനില്‍ തെളിഞ്ഞുതുടങ്ങി. സിനിമയില്‍ മരയ്ക്കാറിനെ കണ്ടതോടെ ആവേശം അണപൊട്ടി. സിനിമയുടെ ഇടവേളയിലൊന്ന് പുറത്തേക്കിറങ്ങിയ മോഹന്‍ലാല്‍ ആവേശക്കടലിറങ്ങിയതിന്റെ സന്തോഷം മറച്ചുവച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട വിഷ്വല്‍ ട്രീറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയവരെല്ലാം പറഞ്ഞതിങ്ങനെ. പടം കിടു, പൊളി. മരയ്ക്കാര്‍ പ്രദര്‍ശനം തുടരുകയാണ്.  പ്രദര്‍ശനം 4100 സ്ക്രീനുകളിലാണ്.