ആയുസ് 14 ദിവസം മാത്രം; പറഞ്ഞവരെ തിരുത്തി: ജീവിതം തിരികെപ്പിടിച്ച് സ്മിത

14 ദിവസത്തിനപ്പുറം ജീവിച്ചിരിക്കില്ലെന്നു കേരളത്തിലെ വിവിധ ഡോക്ടർമാർ വിധിയെഴുതിയ ഒരാള്‍ ഇന്നു ദുബായിൽ ഭർത്താവിനൊപ്പം ജീവിക്കുന്നുണ്ട്. 20 വർഷത്തിലധികമായി യുഎഇയിൽ നിന്നു ലഭിക്കുന്ന സൗജന്യ ചികിൽസയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ സ്മിത മോഹൻദാസ് ജീവിതം തിരികെപ്പിടിച്ചത്. ആ അതിജീവനത്തിൻറെ കാഴ്ചയാണ് ഇനി നാം കാണുന്നത്.

     

1996 ഡിസംബറിലായിരുന്നു തിരുവനന്തപുരം സ്വദേശികളായ സ്മിതയുടേയും മോഹൻറേയും വിവാഹം. യുഎഇയിൽ ജോലിയുള്ള ഭർത്താവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിനു കാൻസർ കരിനിഴൽ വീഴ്ത്തി. കാൻസർ അതിജീവനം സാധ്യമല്ലെന്ന് പരക്കെ പറഞ്ഞുകേട്ട അക്കാലത്തു മജ്ജ മാറ്റിവയ്ക്കാതെ മറ്റുവഴികളില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ നിന്നെല്ലാം കേട്ടതു 14 ദിവസത്തിനപ്പുറം ജീവിക്കില്ലെന്ന വാക്കുകളായിരുന്നു. 

സ്മിതയുടെ അച്ഛനും അക്കാലത്ത് ദുബായിലായിരുന്നു ജോലി. മകളുടെ കാൻസർ രോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അച്ഛൻ ദുബായിലെ ആശുപത്രികളിലയച്ചു. അങ്ങനെയാണ് രോഗമുക്തി സ്വപ്നം കണ്ടു രണ്ടായിരമാണ്ടിൽ സ്മിത ദുബായിലെത്തിയത്. ദുബായിൽ ചികിൽസ തുടങ്ങിയ നാളുകളിലായിരുന്നു യുഎഇ രാഷ്ട്രപിതാവും അന്നത്തെ യുഎഇ പ്രസിഡൻറുമായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ ആ വലിയ പ്രഖ്യാപനം.

പ്ളേറ്റ്ലെറ്റ്  പ്രശ്നങ്ങളാലും പ്രതിരോധശേഷി തീരെ കുറവായതിനാലുമുള്ള ചികിൽസകളാണ് അൽഐനിലെ തവാം ആശുപത്രിയിൽ ഇപ്പോൾ ഓരോ മാസവും നടത്തുന്നത്. 14 ദിവസത്തിനപ്പുറം മരണം മുന്നിൽകണ്ട സ്മിത ഇന്നു നൃത്തവും പാട്ടും കുട്ടികളെ പഠിപ്പിച്ചുമൊക്കെ സജീവമായി ജീവിക്കുകയാണ്. 

കൂടെനിൽക്കാൻ ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ, മുന്നോട്ടുനീങ്ങാൻ ഇച്ഛാശക്തിയുണ്ടെങ്കിൽ കാൻസറിനെ അതിജീവിക്കാമെന്നതിൻറെ ജീവിക്കുന്ന ഉദാഹരണമായി സ്വന്തം ജീവിതത്തെയാണ് സ്മിത മറ്റുകാൻസർ രോഗികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.