പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസീലന്‍ഡിനെ 73 റണ്‍സിന് തോല്‍പിച്ചു

ന്യൂസീലന്‍ഡിനെതിരായ ട്വന്റി–20 പരമ്പര 3–0ന്  തൂത്തുവാരി  ഇന്ത്യ. മൂന്നാംമല്‍സരത്തില്‍ 73 റണ്‍സിന് കിവീസിനെ തകര്‍ത്തു. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സിന് പുറത്തായി.  51 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന് മാത്രമാണ് കിവീസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത്. ഗപ്റ്റില്‍ ഉള്‍പ്പടെ മൂന്നുപേര്‍ മാത്രാണ് കിവീസ് നിരയില്‍ രണ്ടക്കംകടന്നത്. ആദ്യമൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. പത്തുപന്തുകള്‍ക്കിടെയാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. മൂന്നോവറില്‍ 9 റണ്‍സ് മാത്രമാണ് പട്ടേല്‍ വിട്ടുനല്‍കിയത്. ആദ്യംബാറ്റുചെയ്ത ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 56 റണ്‍സും കെ.എല്‍.രാഹുലിന് പകരം ഓപ്പണറായെത്തിയ ഇഷാന്‍ കിഷന്‍  29 റണ്‍സുമെടുത്തു. വാലറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. 8 പന്തില്‍ 21 റണ്‍സെടുത്ത ദീപക് ചഹറാണ് ടീം സ്കോര്‍ 180 കടത്തിയത്. കിവീസിനായി മിച്ചല്‍ സാന്റനര്‍ 3 വിക്കറ്റെടുത്തു.