എല്‍ജെഡി വിമതര്‍ ജനതാദള്‍ എസിലേക്ക്?; നീക്കം സിപിഎം അനുവാദത്തോടെ?

എല്‍ ജെ ഡി പിളര്‍ന്നാല്‍ വിമതവിഭാഗം ജനതാദള്‍ എസിലേക്കെന്ന് സൂചന. മൂന്ന് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും സംസ്ഥാന ഭാരവാഹിത്വവും ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാവനവും എല്‍ ജെ ഡി വിമതവിഭാഗം ജെഡിഎസ് നേതൃത്വത്തോടെ് ആവശ്യപ്പെട്ടു. സിപിഎമ്മിന്‍റെ പിന്‍തുണയോടെയാണ് ഷെയ്ക്ക് പി ഹാരിസിന്‍റെ നേതൃത്വത്തിലുള്ള നീക്കമെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്.

എല്‍ ജെ ഡിയില്‍ പിളര്‍പ്പ് ഒഴിവാക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്.  20നുള്ളില്‍ എം.വി.ശ്രേയാംസ്കുമാര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ ശ്രേയാംസ് കുമാറിനെ പുറത്താത്താക്കാനും ജെഡിഎസില്‍ ലയിക്കാനുമാണ് വിമത വിഭാഗത്തിന്റെ നീക്കം. ഒരാഴ്ച മുന്‍പ് ഷെയ്ക്ക് പി ഹാരിസ് ഉള്‍പ്പടെയുള്ള വിമതവിഭാഗം നേതാക്കള്‍ തിരുവല്ലയില്‍ മാത്യൂ ടി തോമസുമായി ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് ജില്ലാ പ്രസിഡന്‍റ് സ്ഥാനം സംസ്ഥാന ഭാരിവാഹിത്വത്തില്‍ മുഖ്യപദവി, ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം എന്നിവയാണ് ചര്‍ച്ചയില്‍  എല്‍ ജെ ഡി വിമത നേതാക്കള്‍ ജനതാദള്ളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡ് കോര്‍പറേഷന്‍ പദവി ഒഴികെ മറ്റുപദവികള്‍ നല്‍കാന്‍ ജെഡിഎസ് തയാറുമാണ്. 

ഇതിന്‍റെ തുടര്‍ച്ചയായയാണ് വിമതയോഗം വിളിക്കാന്‍ ജനറല്‍ സെക്രട്ടറിമാരായ ഷെയ്ക്ക് പി ഹാരിസും വി സുരേന്ദ്രന്‍പിള്ളയും നീക്കം നടത്തിയത്. സിപിഎമ്മിന്‍റെ അനുവാദത്തോടെയാണ് വിമതരുടെ നീക്കമെന്നും സംശയമുണ്ട്. എല്‍ ജെ ഡി –ജനതാദള്‍ ലയമമെന്ന നിര്‍ദേശം നടപ്പാക്കാത്തതില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷമുണ്ട്. 14 ജില്ല പ്രസിഡന്‍റുമാരില്‍  തിരുവനന്തപുരം ആലപ്പുഴ മലപ്പുറം ജില്ലകള്‍ മാത്രമാണ് വിമതപക്ഷത്തിനൊപ്പമുള്ളതെന്നാണ് എല്‍ ജെ ഡി നേതൃത്വത്തിന്‍റെ നിലപാട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ മലബാര്‍ ജില്ലകളില്‍ ആരും വിമത പക്ഷത്തിനൊപ്പമില്ലെന്നും എല്‍ ജെ ഡി അവകാശപ്പെടുന്നു. രണ്ടു ദിവസത്തിനകം വിമതവിഭാഗത്തിന്‍റെ നീക്കങ്ങളില്‍ കൂടുതല്‍ വ്യക്തത വരും.