തിരുവനന്തപുരത്തിന്‍റെ നഗരഹൃദയത്തില്‍ ഒരു പച്ചത്തുരുത്തുണ്ട്. ശാസ്തമംഗലം സ്വദേശി ശ്രീകേശ് തന്‍റെ വീട്ടുപരിസരത്ത് സംരക്ഷിക്കുന്ന ആവാസവ്യവസ്ഥ. ഫിസിയോതെറാപ്പിസ്റ്റായ ഡോ.കെ.ജി.ശ്രീകേശിന് കാടെന്നാല്‍ ജീവനാണ്. ചുറ്റും പക്ഷികളുടെ ശബ്ദവും മരങ്ങളുടെ തണുപ്പും വേണമെന്ന ശ്രീകേശിന്‍റെയും കുടുംബത്തിന്‍റെയും ആഗ്രഹമാണ് നഗരത്തിരക്കിനടയിലെ നാലുസെന്‍റിനെ പച്ചത്തുരുത്താക്കിയത്. ഇന്ന് ദേശാടന പക്ഷികള്‍ക്കും അപൂര്‍വ സസ്യങ്ങള്‍ക്കും തണലാണ് ഇവിടം.
ഫിസിയോതെറാപ്പി ക്ലിനിക്ക് ഉള്‍പ്പെടുന്ന വീട്ടിലെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് മൂളങ്കൂട്ടമാണ്. അപൂര്‍വയിനം പക്ഷികള്‍ ഇവിടെ സ്ഥിരസാന്നിധ്യമാണ്. മുട്ടവിരിഞ്ഞ് ചിറകുറച്ച് പറന്നകന്ന പക്ഷികള്‍ ബാക്കിവെച്ച കൂടുകളും മരച്ചില്ലയിലുണ്ട്. കൂടുകെട്ടാന്‍ സഹായകമായി കാര്‍പ്പോര്‍ച്ചിന് മുകളില്‍ ഇലകളും ഉണക്കക്കമ്പുകളും ശ്രീകേശ് കൂട്ടിവെച്ചിട്ടുമുണ്ട്. ഒപ്പം ദാഹമകറ്റാന്‍ വെള്ളവും.
ജാതിയും ചാമ്പയും പേരയും പ്ലാവുമൊക്കെ മുറ്റത്ത് തണലൊരുക്കുന്നു. മുറ്റത്താകെ തഴച്ചുവളര്‍ന്ന പായല്‍ അന്തരീക്ഷത്തിലെ രാസഘടകത്തിന്‍റെ അസാന്നിധ്യം അടയാളപ്പെടുത്തുന്നു. വളര്‍ത്തുക എന്നതിനപ്പുറം വളരാനനുവദിക്കുകയാണ് പ്രധാനമെന്നാണ് ശ്രീകേശിന്‍റെ പക്ഷം.
വീടിനോട് ചേര്‍ന്നുനില്‍ക്കുന്ന 100 വര്‍ഷം പഴക്കമുള്ള മാവിന്‍റെ വേരില്‍ തേനീച്ചകള്‍ കൂടൊരുക്കിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അവര്‍ അവിടെ സ്വതന്ത്രമായി വിഹരിക്കുന്നു. രാസ്നാദിചൂര്‍ണത്തിന്‍റെയും രാസ്നാദി കഷായത്തിന്‍റെയും നിര്‍മാണത്തിനുപയോഗിക്കുന്ന രാസ്നാദി ചെടി എന്നറിയപ്പെടുന്ന ചിറ്റരെത്ത പൂവിട്ട് നില്‍പ്പുണ്ട്. 25 വര്‍ഷം കരുതലോടെ കാത്തിരുന്നാണ് വീടിന് ചുറ്റുമുള്ള ഈ പച്ചത്തുരുത്തെന്ന സ്വപ്നം ശ്രീകേശ് സഫലമാക്കിയത്.