തിരുവനന്തപുരം–അഹമ്മദാബാദ് ഇരട്ടനഗരമാക്കാന് തിരുവനന്തപുരം കോര്പ്പറേഷന്. മാലിന്യസംസ്കരണം, റോഡ് വികസനം, ധനസമാഹരണം എന്നിവയില്‍ പരസ്പരം കൈകോർക്കാനാണ് ബിജെപി ഭരിക്കുന്ന ഇരുഭരണ സമിതികളുടെയും തീരുമാനം. ധനസമാഹരണത്തിന് ബോണ്ട് ഇറക്കുന്നത് ഉൾപ്പെടെയുള്ള അജണ്ട അടുത്ത കോർപ്പറേഷൻ യോഗത്തിൽ അവതരിപ്പിക്കും.
സബർമതി കേന്ദ്രീകരിച്ച് അഹമ്മദാബാദ് നഗരസഭ നടപ്പാക്കിയ ടൂറിസം പദ്ധതികളുടെ മാതൃക തിരുവനന്തപുരത്തും നടപ്പാക്കാനാണ് കോർപ്പറേഷന്റെ ആലോചന. ആക്കുളം – വേളി, കരമനയാര്‍, കിള്ളിയാര്‍, ആമയിഴഞ്ചാന്‍ തോട്, പാര്‍വതി പുത്തനാര്‍ തുടങ്ങിയ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വികസന പദ്ധതികൾ വരും. തിരുവനന്തപുരം അഹമ്മദാബാദ് ഇരട്ട നഗരങ്ങളായി പ്രഖ്യാപിക്കുന്നതോടെ അഹമ്മദാബാദിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ എവിടെയും ഇൻവെസ്റ്റ്മെന്റ് നടത്താനാകും. വിളപ്പിൽശാലയിൽ ഉൾപ്പെടെ അഹമ്മദാബാദിന് അത്തരം പദ്ധതികളും ഉണ്ട്. ആധുനിക രീതിയിൽ ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും പുതിയ സാങ്കേതിക വിദ്യയിൽ വീട് നിൽക്കുന്ന റോഡ് നിർമ്മിക്കാനും അഹമ്മദാബാദിലെ വിദഗ്ധരുടെ സഹായം തേടും. പദ്ധതികൾക്കായി ബോണ്ട് ഇറക്കി പണം സമാഹരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതിലൂടെ വളരെ വേഗം പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് മുന്നോടിയായി അഹമ്മദാബാദ് നഗരസഭാ ഭരണസമിതിയുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ചർച്ച നടത്തി. ഇരു കൂട്ടരും രണ്ടിടങ്ങളും സന്ദർശിച്ചു. പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചെന്നാണ് വിവരം. പദ്ധതിയുടെ അജണ്ഡ തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും.