arya-rajendran

തിരുവനന്തപുരത്ത് നിന്നും പ്രവര്‍ത്തന മണ്ഡലം മാറ്റാന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് അനുമതി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ആര്യ രാജേന്ദ്രന് അനുമതി നല്‍കിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കാണ് ആര്യ പ്രവര്‍ത്തനം മാറ്റുന്നത്. ആര്യയുടെ പങ്കാളിയും മുന്‍ എംഎല്‍എയുമായ സച്ചിന്‍ ദേവ് കോഴിക്കോട് സ്വദേശിയാണ്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തലസ്ഥാനത്ത് നിന്നും പ്രവര്‍ത്തന മണ്ഡലം മാറ്റുന്നത് സംബന്ധിച്ച  അപേക്ഷ ആര്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. അപേക്ഷ അംഗീകരിച്ച് അത് സംസ്ഥാന സെന്‍ററിന് നല്‍കുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തന കേന്ദ്രം മാറ്റാനുള്ള അപേക്ഷ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് നല്‍കിയത്.

തിരുവനന്തപുരം കോർപ്പറേഷന്റെ 46-ാമത് മേയറായിരുന്ന ആര്യ, 2025ൽ നടന്ന തദ്ദേശ സ്വയംഭരണ ആര്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. കോർപ്പറേഷൻ നഷ്ടമായതിനെ തുടര്‍ന്ന് ആര്യ ഏറെക്കാലം സജീവ പ്രവർത്തന രംഗത്തുനിന്നും മാറിനില്‍ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വി.എസ്. ശ്യാമയെയാണ് ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ 21-ാം വയസിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഏറ്റെടുത്ത ആര്യ രാജേന്ദ്രൻ, കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ തലസ്ഥാന നഗരിയോട് വിടപറഞ്ഞ് പുതിയ പ്രവർത്തന മേഖലയിലേക്ക് കടക്കുന്നത്.

ENGLISH SUMMARY:

Former Thiruvananthapuram Mayor Arya Rajendran has been granted permission by the CPI(M) State Secretariat to shift her organizational activities to Kozhikode. The decision follows an application she submitted to the party citing personal reasons, considering her husband and former MLA Sachin Dev is a native of Kozhikode. Arya, who achieved national recognition as the youngest Mayor in India at age 21, recently completed her tenure and did not contest in the 2025 local body elections. Currently serving as a DYFI State Secretariat member, she will now focus her political work in her new regional base after officially bidding farewell to the capital city.