ഉപതിരഞ്ഞെടുപ്പ് ചൂടില്‍ തിരുവനന്തപുരം കല്ലറ ഡിവിഷന്‍. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രചാരണത്തിനിറക്കി സീറ്റ് നിലനിര്‍ത്താനാണ് യു.ഡി.എഫിന്‍റെ ശ്രമം. കഴിഞ്ഞ ആറുമാസത്തെ സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫിന്‍റെ പ്രചരണം.
എംഎല്‍എ ആയതോടെ സുധീര്‍ഷാ പാലോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനമൊഴിഞ്ഞതാണ് ഒരുവര്‍ഷത്തിനകം കല്ലറയെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലെത്തിച്ചത്. 10 വര്‍ഷം സിപിഐ കുത്തകയായി നിലനിര്‍ത്തിയ കല്ലറയില്‍ 2025ല്‍ കോണ്‍ഗ്രസിന്‍റേത് അട്ടിമറി വിജയമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് കൈവിട്ടുപോകാതിരിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം.
ഷാഫി പറമ്പില്‍, എന്‍.കെ പ്രേമചന്ദ്രന്‍, കെഎസ് ശബരീനാഥന്‍ തുടങ്ങിയ നേതാക്കളുടെ റോഡ് ഷോയാടെയാണ് യുഡിഎഫ് പ്രചാരണത്തിന്‍റെ അവസാന ദിവസങ്ങള്‍. യുവത്വവും വികസനത്തുടര്‍ച്ചയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമി തിലക് മുന്നോട്ടുവെക്കുന്നത്. ഇത്തവണ ഇടതുമുന്നണിക്കായി ഇറങ്ങുന്നത് സിപിഐ സ്ഥാനാര്‍ഥി മാലിക് മങ്കോടാണ്. ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിലുള്‍പ്പെടെ പങ്കെടുത്ത മാലികിന്‍റെ ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനപരിചയമാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. കല്ലറ ഗ്രാമപഞ്ചായത്തംഗവും ബിജെപി വാമനപുരം മണ്ഡലം പ്രസിഡന്‍റുമായ പി.ടി.രാജേഷാണ് ബിജെപി സ്ഥാനാര്‍ഥി. വിജയിച്ചാല്‍ കേന്ദ്രപദ്ധതികളുള്‍പ്പെടെ കല്ലറയില്‍ നടപ്പാക്കുമെന്നാണ് ബി.ജെ.പി വാഗ്ദാനം.