തിരുവനന്തപുരം വിഴഞ്ഞത്ത് ദീപപ്രഭയിൽ തിളങ്ങിയ ലൈറ്റ് ഹൗസ് കാണാൻ അപ്രതീക്ഷിത അതിഥിയായി മയിലും. ലൈറ്റ് ഹൗസ് ദിനാചരണത്തിന്‍റെ ഭാഗമായി ലൈറ്റ് തെളിയിച്ചപ്പോഴാണ് മയിലും കാഴ്ചക്കാരനായി എത്തിയത്.

തിര തലോടുന്ന പാറക്കൂട്ടത്തിനുമുന്നില്‍ തലയെടുപ്പോടെ തിളങ്ങി നില്‍ക്കുന്ന ലൈറ്റ് ഹൗസ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രതാപകാലത്തെ ഒന്നുകൂടി ഓര്‍മിപ്പിക്കുന്ന ജനസഞ്ചയം. പക്ഷേ, ആളുകളുടെ കണ്ണുടക്കിയത് നിറപ്പകിട്ടാർന്ന പീലി കുലുക്കി നടന്ന മയിലിലാണ്. കൃത്യം ആറുമണി. തീരത്ത് നിന്നവരുടെയെല്ലാം കണ്ണുകൾ ലൈറ്റ് ഹൗസിലായി. മയിലും മിഴി നീട്ടി. ഇരുട്ട് കയറിയപ്പോൾ ലൈറ്റ് ഹൗസ് പ്രകാശപൂരിതമായി. 

ലൈറ്റ് ഹൗസുകളുടെ 99–ാം ദിനാചരണത്തോട് അനുബന്ധിച്ച് രാജ്യവാപകമായി ലൈറ്റ് ഹൗസുകളില്‍ വെളിച്ചം തെളിയിക്കുന്നതിന്‍റെ ഭാഗമായാണ് വിഴിഞ്ഞം ലൈറ്റ് ഹൗസും മിന്നിത്തിളങ്ങിയത്. 1927ല്‍ ലൈറ്റ് ഹൗസ് ആക്ട് പാസായതിനെ തുടര്‍ന്ന് ഓരോ വര്‍ഷവും ലൈറ്റ് ഹൗസ് ദിനം ആചരിക്കുന്നുണ്ട്. 1972 മെയ് 20നാണ് വിഴിഞ്ഞം ലൈറ്റ് ഹൗസ് നിര്‍മിച്ചത്. 36 മീറ്റര്‍ നീളമുള്ള ലൈറ്റ് ഹൗസിന് 144 പടികളുണ്ട്. 114 പടികള്‍ വരെ ലിഫ്റ്റും സജ്ജീകരിച്ചിരിക്കുന്നു.

ENGLISH SUMMARY:

Vizhinjam Lighthouse, a beacon of Kerala's coastal charm, recently illuminated the night sky, drawing unexpected visitors. Coinciding with Lighthouse Day celebrations, the lighthouse's brilliant display was a breathtaking sight, made even more magical by the presence of a peacock.