സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം. പാരസെറ്റാമോളിനും ഐവി ഫ്ളൂയിഡിനുംവരെ ക്ഷാമം നേരിടുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ തലപ്പത്ത് അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും റീടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതുമാണ് ആശുപത്രികളെ പ്രതിസന്ധിയിലാക്കിയത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ കടുത്ത ചുമയ്ക്കു മരുന്ന് തേടിയെത്തിയ അമ്മിണിയമ്മയോട് മരുന്നു പുറത്തു നിന്ന് വാങ്ങാനാണ് ജീവനക്കാര്‍ പറഞ്ഞത്. കാശില്ലാത്തതുകൊണ്ട് തിരിച്ചു പോകുകയാണെന്ന് അമ്മിണിയമ്മ പ്രതികരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മൂക്കിന്‍ തുമ്പിലെ ജനറല്‍ ആശുപത്രിയിലെ അവസ്ഥയാണിത്. ഇതുപോലെ ദിനംപ്രതി നൂറുകണക്കിനു സാധാരണക്കാരാണ് മരുന്നുകിട്ടാതെ ദുരിപ്പെടുന്നത്.
ആന്‍റി ബയോട്ടിക്കുകള്‍, ഹൃദ്രോഗ മരുന്നുകള്‍ എന്നിവയ്ക്കെല്ലാം ക്ഷാമം നേരിട്ട് തുടങ്ങി. അസിഡിറ്റിക്കുളള മരുന്നുകള്‍, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ എന്നിവയ്ക്കും ക്ഷാമമുണ്ട്. മരുന്ന് വിതരണ ചുമതലയുളള കെ എം എസ് സി എല്‍ തലപ്പത്ത് യുഡിഫ് അധികാരത്തിലെത്തിയശേഷം മാറ്റങ്ങള്‍ പലതുണ്ടായി. മരുന്ന് പരിശോധനാ സംവിധാനത്തിന്‍റെ പേരില്‍ ആരോഗ്യ മന്ത്രിക്കെതിരെ നിലപാടെടുത്ത കെ എം എസ് സി എല്‍ ഡയറക്ടറായിരുന്ന ഡോ.രേണു രാജിന്‍റെ സ്ഥാനം ഒറ്റ ദിവസംകൊണ്ട് തെറിച്ചിരുന്നു.