ഓണത്തിന്‍റെ രുചിക്കൂട്ടുകള്‍ക്ക് നിറവും മണവും പകരാന്‍ തലസ്ഥാനത്തെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വിളകള്‍ പാകമായി. മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ മികച്ച വിപണി സ്വപ്നം കാണുകയാണ് കര്‍ഷകര്‍. ഇത്തവണ പച്ചക്കറികള്‍ക്കൊപ്പം പൂക്കളും കളം നിറഞ്ഞിട്ടുണ്ട്.
ഓണത്തിന്‍റെ വരവറിയിച്ച് പച്ചപ്പില്‍ നിന്ന് പൊന്‍നിറത്തിലേക്ക് മാറുന്ന കാഴ്ചകള്‍. നഗരത്തിലെ വിപണി കാത്ത് വിളഞ്ഞുപാകമായ പച്ചക്കറികളും പൂക്കളും. തിരുവനന്തപുരത്തെ അതിര്‍ത്തി ഗ്രാമങ്ങളായ ചെങ്കലും രാമേശ്വരം പാടവും അമരവിളയും വ്ളാത്താന്‍കരയുമൊക്കെ ഇത്തവണ സമൃദ്ധമാണ്.
ഓണവിപണി ഉണരുമ്പോൾ അതിന്‍റെ ആദ്യ ചലനം കേൾക്കുന്നത് കാര്‍ഷിക ഗ്രാമങ്ങളിലാണ്. മൂന്നുമാസം മുന്‍പേ കര്‍ഷകര്‍ കഠിനാധ്വാനം തുടങ്ങും. ഓണസദ്യയിലെ അവിയലും തോരനും കാളനും സാമ്പാറുമെല്ലാം സമൃദ്ധമാകണമെങ്കിൽ വിളകള്‍ വിപണിയില്‍ നിറയണം.
കാലാവസ്ഥ വെല്ലുവിളിയായില്ലെങ്കിലും ഉല്‍പാദനച്ചിലവ് ഇത്തവണ വില്ലനായി. വിയര്‍പ്പൊഴുക്കിയത് കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാകില്ലെന്ന തിരിച്ചറിവില്‍ കര്‍ഷകരില്‍ ചിലര്‍ പിന്തിരിഞ്ഞതിനാല്‍ ഇത്തവണ കൃഷി കുറവാണ്. പോയകാലത്തെ സമൃദ്ധിയോര്‍ത്ത് ഓണക്കൊയ്ത്ത് തുടങ്ങി. വിപണിയിൽ ആവശ്യക്കാരേറുമ്പോൾ വിലയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.