sabu-teacher-coconut-climbing

തെങ്ങുകയറ്റത്തിന് ആളെ കിട്ടാനില്ലെന്ന പരാതി ഇന്ന് പല കർഷകർക്കുമുണ്ട്. എന്നാല്‍, പരാതി പറഞ്ഞിരിക്കുകയല്ല, യന്ത്ര സഹായത്തോടെ തെങ്ങുകയറ്റം പഠിച്ച് മാതൃകയാവുകയാണ് ചാലിയോട്ട് പൊയിൽ നാഷണൽ എൽ.പി. സ്കൂൾ പ്രധാന അധ്യാപകൻ സാബു മാഷ്. ക്ലാസ് മുറിയിൽ നിന്ന് തെങ്ങിൻ മുകളിലേക്ക് നീളുന്നതാണ് സാബു മാഷിന്റെ വേറിട്ട മാതൃക.

തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ലെന്ന പ്രതിസന്ധി വന്നപ്പോഴാണ്  സാബു മാഷ് തെങ്ങുകയറ്റം പഠിച്ചത്. ആദ്യമൊക്കെ വീട്ടുപരിസരത്തെ ചെറിയ തെങ്ങുകളിൽ പരിശീലനം. പിന്നീട് കൂടുതൽ പഠിക്കാൻ ഔദ്യോഗിക പരിശീലന കേന്ദ്രത്തിലേക്ക്. 2014-ൽ കൊയിലാണ്ടിക്കടുത്തുള്ള കേരള നാളികേര വികസന സൊസൈറ്റിയുടെ തെങ്ങുകയറ്റ പരിശീലന കേന്ദ്രത്തിൽ നിന്ന് സർട്ടിഫിക്കറ്റും നേടി. തൊഴിലാളിക്ഷാമം കൃഷിക്ക് പ്രതിസന്ധിയാകുമ്പോൾ, സ്വന്തം അധ്വാനത്തിലൂടെ അതിന് പരിഹാരം കണ്ടെത്തുകയായിരുന്നു ഈ അധ്യാപകൻ.

സ്വയം പഠിച്ച വഴിയിൽ മാത്രം സാബു മാഷ് ഒതുങ്ങിയില്ല. തനിക്കൊപ്പം പ്ലസ് ടു വിദ്യാർഥിനിയായ ഇളയ മകൾ ശ്രീനിധിയെയും തെങ്ങുകയറ്റത്തിൽ മിടുക്കിയാക്കി.  തെങ്ങുകയറ്റം അന്യംനിന്നുപോകാതിരിക്കാൻ ചുറ്റുവട്ടത്തെ പത്തോളം യുവാക്കളെയും സംഘടിപ്പിച്ചു. അവർക്കും പരിശീലനവും നൽകി. 12 വർഷം മുമ്പ് ആരംഭിച്ച ദൗത്യം പ്രതിസന്ധികളെ വകവെക്കാതെ ഇന്നും ആവേശപൂർവം തുടരുകയാണ്. അടുത്ത വർഷം സർവീസിൽ നിന്ന് വിരമിക്കുന്നതോടെ തെങ്ങ് കയറ്റവും കൃഷിയുമായി ഈ രംഗത്ത് കൂടുതൽ സജീവമാകാനാണ് സാബു മാഷിന്‍റെ തീരുമാനം. 

ENGLISH SUMMARY:

Facing a severe shortage of skilled labor for harvesting coconuts, Sabu Mash, Headmaster of Chaliyottu Poyil National LP School, took matters into his own hands by learning to climb coconut trees using mechanical devices. Starting with small trees around his home, he gained formal certification from the Kerala Coconut Development Society's training center near Koyilandy in 2014. He expanded his initiative by teaching his youngest daughter, Srenidhi, as well as training a group of ten local youths to help preserve this traditional trade. Continuing this mission for over 12 years, Sabu Mash plans to dedicate himself fully to coconut harvesting and farming following his retirement next year.