vadakaram-mdma-anus-arrest

പേരാമ്പ്രയില്‍ പൊലീസ് വീടുവളഞ്ഞു പിടികൂടിയ ലഹരി ഇടപാടുകാരന്‍, അധ്യാപികമാര്‍ പ്രതികളായ വടകര എം.ഡി.എം.എ കേസിലെ മുഖ്യകണ്ണിയെന്നു പൊലീസ്. അധ്യാപികമാരെ ലഹരിമാഫിയയുമായി ബന്ധപെടുത്തിയ കൂത്താളി സ്വദേശി അനസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും

അധ്യാപികമാര്‍ അറസ്റ്റിലായതിനു പിറകെ ഒളിവില്‍പോയ അനസ് നാട്ടിലെത്തിയതറിഞ്ഞു പൊലീസ് വീട് വളഞ്ഞു പിടികൂടുകയായിരുന്നു. അധ്യാപികമാരെ ലഹരി ഇടപാടുമായി ബന്ധിപ്പിച്ചത് അനസാണന്നു നേരത്തെ കണ്ടെത്തിയിരുന്നു. അനസും അധ്യാപികമാരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. പണം അയച്ചു നല്‍കുന്നവര്‍ക്കു ലഹരി ഒളിച്ച സ്ഥലങ്ങളുടെ ലോക്കേഷന്‍ അയച്ചുനല്‍കിയിരുന്നതും  അനസ് ഉള്‍പെട്ടവരാണന്ന് പൊലീസ് കണ്ടത്തി. 

ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ലഹരി സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇതിനായി പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. അതിനിടെ അനസിനെ പിടികൂടുന്നതു തടയാന്‍ സഹോദരനും കുടുംബവും നടത്തിയ ആക്രമണത്തില്‍ ഒന്‍പതു പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. 

ഇരുമ്പ് കമ്പികൊണ്ടു പൊലീസുകാരുടെ തലക്കടിച്ചായിരുന്നു ആക്രമണം. ഇതില്‍ അനസിന്റെ സഹോദരന്‍, ഭാര്യ, അമ്മ തുടങ്ങിയവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. സഹോദരന്‍ ആസിഫ് അറസ്റ്റിലായി. സ്ത്രീകളായ ബാക്കി പ്രതികളെ അടുത്ത ദിവസം അറസ്റ്റ് ചെയ്യും.

ENGLISH SUMMARY:

Police have identified Anas, a Koothali native who was recently arrested after his house in Perambra was surrounded, as a key link in the Vadakara MDMA case involving schoolteachers. Anas, who went into hiding following the teachers' arrest, was apprehended by police upon his return home and is believed to have introduced the teachers to the drug network while sharing financial dealings and drug drop locations with them. Nine police officers were injured when Anas's family attacked them with iron rods during the arrest, leading to attempted murder charges against his brother, mother, and wife. While his brother Asif has been arrested, police are set to request custody of Anas from the Perambra Magistrate Court today to uncover further details about the wider drug racket.