കുതിരയുടെ വിസർജ്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് അയൽവാസിയായ മധ്യവയസ്കയെ തോക്കുപയോഗിച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് ബി.ജി റോഡിൽ താമസിക്കുന്ന കരുവിശ്ശേരി സ്വദേശി ഷിംജിത്ത് (40) ആണ് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. വെടിയേറ്റ അയൽവാസി പുഷ്പയ്ക്ക് വയറിന്റെ വലതുഭാഗത്തും ഇടത് നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തന്‍റെ അമ്മയുടെ അനുജത്തിയുടെ വീടായ ബി.ജി റോഡിലെ ചെട്ടിത്തോപ്പ് പറമ്പിലുള്ള വീട്ടിലാണ് പ്രതിയായ ഷിംജിത്ത് താമസിക്കുന്നത്. പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോട് ചേർന്ന് കുതിരലായം നിർമിച്ച് രണ്ട് കുതിരകളെ വളർത്തിവരികയായിരുന്നു ഇയാൾ. കുതിരകളെ വളർത്തിയിരുന്ന സ്ഥലവും പരിസരവും വൃത്തിഹീനമായിരുന്നുവെന്നും ദുർഗന്ധം വമിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി കൈവശം കരുതിയ തോക്കുപയോഗിച്ച് പുഷ്പയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വയറിന്റെ വലതുഭാഗത്തും ഇടത് നെഞ്ചിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പുഷ്പ ചികിത്സയിലാണ്.
ചുറ്റുപാടുമുള്ള അയൽവാസികളുമായി പ്രതി നിരന്തരം തർക്കത്തിലേർപ്പെടാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെയും വിവിധ കേസുകളിൽ ഷിംജിത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 6.35 ലിറ്റർ ബിയർ പിടികൂടിയ കേസും പ്രതിക്കെതിരെയുണ്ട്. ബി.ജി റോഡിൽ അനധികൃതമായി മദ്യം വിൽക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് യുവാവിനെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ, വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 17 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും നാലര ലിറ്ററോളം ബിയറും പിടികൂടിയ കേസിലും ഇയാൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്.
മുൻപും നിരവധി കേസുകളിൽ പ്രതിയായ ഷിംജിത്തിനെ വെടിവെപ്പ് സംഭവത്തിന് പിന്നാലെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഹരീഷ്, ബൈജുനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.