തിരുവനന്തപുരം നഗരത്തിലെ അനധികൃത തട്ടുകടകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് കോര്‍പറേഷന്‍. ബെനാമി പേരില്‍ വന്‍കിടക്കാര്‍ നടത്തുന്ന തട്ടുകടകള്‍ക്ക് പൂട്ടുവീണതിന് പിന്നാലെ, കോര്‍പറേഷന്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കും. ബദല്‍ സംവിധാനം ഒരുക്കണമെന്നാണ് കടക്കാരുടെ ആവശ്യം.
ബെനാമി പേരില്‍ വന്‍കിടക്കാര്‍ നടത്തുന്ന തട്ടുകടകളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അനുമതിയില്ലാത്ത കടകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ഒഴിപ്പിച്ചത്. ഇതിന്‍റെ തുടര്‍ച്ചയായി റോഡുകളില്‍ നിന്നും നിയമപരമായുള്ള അകലം പാലിക്കാതെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് കോര്‍പറേഷനും പൊലീസും കടക്കുന്നത്. ഇത്തരത്തില്‍ നൂറിലധികം കടകളാണ് നഗരത്തില്‍ ഉള്ളത്.
വഴുതക്കാട്, കോട്ടണ്‍ഹില്‍, വെള്ളയമ്പലം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കടകളുളളത്. മിക്കതും പ്രവര്‍ത്തിക്കുന്നത് നടപ്പാതയ്ക്കും പുറത്ത് റോഡുകളില്‍ തന്നെയാണ്. നിരവധി പേര്‍ക്ക് ഈ തട്ട് കടകള്‍ ഉപജീവന മാര്‍ഗമാണ്. ഒറ്റയടിക്ക് ഒഴിപ്പിച്ചാല്‍ പട്ടിണിയാകുമെന്നും അതിനാല്‍ ജീവനോപാധി നിലനിര്‍ത്താന്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഈ കടകള്‍ വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നതായും ശുചിത്വ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും പ്രദേശവാസികള്‍ നിരന്തരം പരാതിപ്പെടുന്നുണ്ട്. അതിനാല്‍ നിയമപരമായ നടപടിയെടുക്കാതെ പൊലീസിനും കോര്‍പറേഷനും മുന്നോട്ട് പോകാനാകില്ല.