അതിവേഗ റയിൽ പാതയിൽ വേഗം കുറച്ചു സർക്കാർ . ഇ ശ്രീധരന്റെ നിർദേശം പഠിച്ച് വിദഗ്ധസമിതിയുടെ ശുപാർശകൾ പഠിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറിയേക്കും. ശ്രീധരൻ നിർദേശിക്കുന്ന പദ്ധതി ഗുണകരമല്ലെന്ന പൊതുവികാരം വിദഗ്ധസമിതി പങ്കുവെച്ചതിനാൽ തുടർപഠനം വേണമോ എന്നതിൽ സർക്കാരിന് ആശയകുഴപ്പമുണ്ട
ഇ ശ്രീധരൻ നിർദേശിച്ച അതിവേഗ റയിൽ പദ്ധതിക്ക് സർക്കാരിന് ആദ്യമുണ്ടായിരുന്നു താല്പര്യം ഇപ്പോളില്ല. ശ്രീധരൻ നിർദേശിച്ച നിലവിലെ ഘടന പറ്റില്ല , സാമ്പത്തിക നിർദേശങ്ങൾ മാറ്റണം, സ്റ്റേഷനുകൾ അടക്കം കൂടുതൽ ലാഭത്തിൽ ആക്കണം എന്നിവയാണ് പ്രധാനമായും വിദഗ്ധസ സമിതിയുടെ നിർദേശങ്ങളിലുണ്ടായിരുന്നത്. ക്രൌഡ് ഫണ്ടിങ് സാധ്യമാകുമോ എന്ന് സംശയവും വിദഗ്ധ സമിതി പ്രകടിപ്പിച്ചിരുന്നു. വിശദമായ പാരിസ്ഥിതിക പഠനവും സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. സമിതി നിർദേശിച്ച കാര്യങ്ങളിൽ കൂടുതൽ പഠനം നടക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാർ ഇതിനായി പഠന സമതിയെ നിശ്ചയിച്ചിട്ടില്ല. ശ്രീധരന്റെ പദ്ധതി പ്രായോഗികമല്ലെന്ന ചർച്ച സർക്കാർ തലത്തിൽ വീണ്ടും ഉയർന്നതോടെയാണ് പുതിയ സമിതിയ നിശ്ചയിക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കാത്തത് . പദ്ധതി പ്രായോഗികമല്ലെങ്കിൽ ഇനിയും പഠനത്തിനായി എന്തിന് കാശ് ചിലവാക്കണം എന്ന ചിന്തയും സർക്കാരിലെ ചിലർക്കുണ്ട്. അപ്പോഴും അതിവേഗ റയിലിന് എന്താണ് മാർഗമെന്ന ചിന്ത സർക്കാരിനെ കുഴക്കുന്നുമുണ്ട്.