ഇ.ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റയില്‍ പാത പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ടില്ല. പദ്ധതിയെ പറ്റി പഠിച്ച വിദഗ്ധ സമിതി സമിതി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഇന്ത്യന്‍ റെയില്‍വേയോടുകൂടി ആശയവിനിമയം നടത്തിയുള്ള വേഗപാത സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. സ്റ്റാൻഡേർഡ് ഗേജില്‍ തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെ 473 കിലോമീറ്ററുള്ള റയില്‍ പദ്ധതിയാണ് ഇ.ശ്രീധരന്‍ മുന്നോട്ട് വെച്ചത്.
ഇത് പരിശോധിച്ച വിദഗ്ധസമിതി ഇതിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പദ്ധതയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി കൈക്കൊള്ളാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇ.ശ്രീധരന്‍റെ പദ്ധതി പാരിസ്ഥികമായും സാമ്പത്തികമായും പ്രയോഗികമല്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് പരിശോധിച്ച മുഖ്യമന്ത്രിയുടെ നിലപാട്.
ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതിയില്‍ അതിവേഗ റെയില്‍ എങ്ങനെ നടപ്പാക്കാമെന്നതിനെപ്പറ്റിയുടെ നിര്‍ദേശങ്ങള്‍ അവ്യക്തമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ച ഒരു മാസം കഴിഞ്ഞിട്ടും ഇ.ശ്രീധരന്‍റെ പദ്ധതി വിശകലനം ചെയ്യാന്‍ പുതിയ നടപടികള്‍ സ്വീകരിക്കാത്തത്. ഇ.ശ്രീധരനുമായി മുഖ്യമന്ത്രി ഒരിക്കല്‍ കൂടി ആശയവിനിമയം നടത്തി ഇക്കാര്യങ്ങള്‍ അറിയിച്ചേക്കും.
ഇന്ത്യന്‍ റയില്‍വേയുമായി കൂടി സഹകരിച്ചുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. വീണ്ടും ഭൂമിയേറ്റടുക്കലും പാരിസ്ഥിക പഠനവുമൊക്കെ നടത്തി അതിവേഗ റയില്‍പാത പ്രായോഗികമാണോ എന്ന സംശയവും സര്‍ക്കാരിനുണ്ട്. ഇന്ത്യന്‍ റയില്‍വേയുടെ പാതകള്‍ വേഗപാതകളാവുമ്പോള്‍ അത് ഉപയോഗിക്കുകയാവും ഗുണകരമെന്നും സര്‍ക്കാരില്‍ ചിന്തയുണ്ട്.