തിരുവനന്തപുരം പൂവച്ചലില്‍ ക്ഷീരസംഘം സെക്രട്ടറി കണക്കുകള്‍ കൈമാറാതെ വി.ആര്‍.എസ് എടുത്തതില്‍ ദുരൂഹതയാരോപിച്ച് പുതിയ ഭരണസമിതിയും കര്‍ഷകരും. പുതിയ ഭരണസമിതിയെ തൈരെഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. പൂവച്ചല്‍ പഞ്ചായത്തിലെ ക്ഷീരോല്‍പാദന സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയാണ് സാമ്പത്തികവും ഭരണപരമായ വിവരങ്ങളോ സ്റ്റോക്കോ കണക്കുകളോ കൈമാറാതെ വി.ആര്‍.എസ് എടുത്തു മുങ്ങിയെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
ജൂലൈ 21 നാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. എന്നാല്‍ സംഘത്തിന്‍റെ സാമ്പത്തിക കാര്യങ്ങളോ പ്രതിദിന പാല്‍ ശേഖരണത്തിന്‍റെ തുകയോ രേഖകളോ കൈമാറാന്‍ സെക്രട്ടറി ഇതുവരെ തയ്യാറായിട്ടില്ല. 22ാം തീയതി മുതല്‍ താന്‍ വി.ആര്‍.എസ് എടുത്തുവെന്നാണ് സെക്രട്ടറി അറിയിച്ചിട്ടുള്ളത്. ഡയറി ഡെവലപ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്ട്രേറ്ററുടെയും അനുമതിയോടെയാണ് ഈ നടപടിയെന്നാണ് വിവരമെങ്കിലും, 90 ദിവസം മുന്‍പ് മുന്‍കൂട്ടി അറിയിപ്പ് നല്‍കുകയോ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യാതെ ഏഴ് ദിവസം കൊണ്ട് എങ്ങനെ വി.ആര്‍.എസ് ലഭിച്ചുവെന്നതില്‍ ദുരൂഹതയുണ്ടെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
പൊലീസും ഡയറി ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സെക്രട്ടറി പ്രതികരിച്ചിട്ടില്ല. പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണിതെന്ന് ക്ഷീരസംഘം അംഗങ്ങള്‍ ആരോപിച്ചു.