തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തില്‍ മുങ്ങി ശുചീകരണത്തൊഴിലാളി ജോയ് മരിച്ച് രണ്ടാണ്ട് തികയുമ്പോഴും മാലിന്യം കുമിഞ്ഞുകൂടി തോട്. റെയില്‍വേ, നഗരസഭ, ജലസേചന വകുപ്പ് എന്നിവയുടെ ഏകോപനമില്ലായ്മയാണ് തോട് മാലിന്യവാഹിനിയാകാന്‍ കാരണം. ശുചീകരണത്തിനായി സ്ഥാപിച്ച റോബോട്ടിക് സംവിധാനവും ക്യാമറാനീരീക്ഷണവുമെല്ലാം നോക്കുകുത്തിയായി തുടരുന്നു.
ഒരു മാലിന്യ കൂനയില്‍ തളിര്‍ത്തു നില്‍ക്കുന്ന പപ്പായ തൈകള്‍, ഈ മാലിന്യക്കൂന എവിടെയെന്നല്ലേ... ആമയിഴഞ്ചാന്‍ തോടിന്‍റെ ഒത്ത നടുവില്‍....രണ്ടാണ്ട് മുമ്പ് ജോയിയെന്ന ശുചീകരണതൊഴിലാളി മാലിന്യച്ചുഴിയില്‍ മുങ്ങിപോയ അതേയിടത്ത്...അന്നത്തെ കാഴ്ചകള്‍ ഒരിക്കല്‍ കൂടി കാണാം .
ജോയിയുടെ മരണത്തിനു പിന്നാലെ ടണ്‍ കണക്കിന് മാലിന്യം വാരിമാറ്റി, തോടൊരു പരിധിവരെ തെളിഞ്ഞിരുന്നു. പക്ഷേയിപ്പോള്‍ എല്ലാം പഴയപടിയായി. മാലിന്യം കോരിമാററാന്‍ സ്ഥാപിച്ച റോബോട്ടിക് സംവിധാനം കാഴ്ച വസ്തു., ക്യാമറകളിള്‍ വല്ലതും പതിയുന്നുണ്ടോയെന്ന് ആര്‍ക്കറിയാം...മാലിന്യം തളളാതിരിക്കാന്‍ 11 കിലോമീറ്റര്‍ വേലി സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും പൂര്‍ത്തിയാക്കാനായില്ല. സ്ഥാപിച്ച വേലികളൊക്കെ പൊളിച്ചും വച്ചിരിക്കുന്നു...മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പറഞ്ഞെങ്കിലും ചെറുവിരല്‍ അനക്കാനായിട്ടില്ല.