trivandrum-medical-college-01
  • കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജിന്റെ ആദ്യഘട്ടം സെപ്റ്റംബറോടെ പ്രവർത്തനം തുടങ്ങാൻ ലക്ഷ്യമിടുന്നു; നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചാൽ ഈ അധ്യയന വർഷം തന്നെ എംബിബിഎസ് പ്രവേശനം ആരംഭിക്കും.

 

കെ. കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആദ്യഘട്ടം  സെപ്റ്റംബറില്‍ പ്രവര്‍ത്തന സജ്ജമാകും. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അംഗീകാരം ലഭിച്ചാല്‍ ഈ അധ്യയന വര്‍ഷം എംബിബിഎസ് പ്രവേശനം ആരംഭിക്കാനാണ് ശ്രമം. 165 തസ്തിക സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ നല്കി. 

 

മുന്‍ മുഖ്യമന്ത്രിയോടുളള ആദരവായി വിഭാവനം ചെയ്യുന്ന   കെ. കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ്  ജനറല്‍ ആശുപത്രി ക്യാംപസില്‍ മൂന്നുമാസത്തിനുളളില്‍ യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.  തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയും ചേര്‍ന്നാണ് പുതിയ മെഡിക്കല്‍ കോളജ് വരുന്നത്. 

ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ ചര്‍ച്ചയില്‍ സമയബന്ധിതമായി പുതിയ മെഡിക്കല്‍ കോളജിന് അനുമതികള്‍ ലഭ്യമാക്കുമെന്ന് നല്കിയ ഉറപ്പിലാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ. ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ 10 വര്‍ഷം മുമ്പേ പണിതിട്ടിരിക്കുന്ന കൂറ്റന്‍ കെട്ടിടമാണ് രണ്ടാം മെഡിക്കല്‍ കോളജിന്‍റെ പ്രധാന ഭാഗം. 

 

2016 ഫെബ്രുവരിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍  വി.എസ്. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എന്ന പേരില്‍ രണ്ടാം മെഡിക്കല്‍ കോളജിന്‍റെ ഉദ്ഘാടനം നടത്തിയതാണ്. തസ്തിക സൃഷ്ടിക്കല്‍ പൂര്‍ത്തിയാക്കി എംബിബിഎസ് കോഴ്സിന്  അനുമതിയും ലഭിച്ചെങ്കിലും തുടര്‍ന്നെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് താഴിട്ടു. കെ മുരളീധരന്‍  സ്വന്തം മണ്ഡലമായ വട്ടിയൂര്‍ക്കാവിനുള്ള  സമ്മാനമെന്ന പ്രഖ്യാപനത്തോടെ  രണ്ടാം മെഡിക്കല്‍ കോളജിനായുളള പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ്. 

ENGLISH SUMMARY:

The K Karunakaran Memorial Medical College is set to become operational in its first phase by September. This new medical college, established in honor of the former Chief Minister, aims to commence MBBS admissions this academic year, pending approval from the National Medical Commission.