പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പ്രശ്ന പരിഹാരത്തിന് 100 ദിന കർമ്മപരിപാടിക്ക് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത തലയോഗത്തിൽ ധാരണ. പാരിപ്പള്ളി മെഡിക്കൽ കോളേജിനെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ.
ഇ.എസ്.ഐ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് പൂർണ്ണമായും സജ്ജീകരിച്ച ആശുപത്രി സൗകര്യം കൈമാറിയിട്ടും, ലഭ്യമായ വിഭവങ്ങളും നൂതന മെഡിക്കൽ ഉപകരണങ്ങളും പൂർണ്ണമായി വിനിയോഗിച്ചിട്ടില്ല. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ അവശ്യ തസ്തികകൾ സൃഷ്ടിക്കുന്നതിനോ നിർണായക ഒഴിവുകൾ നികത്തുന്നതിനോ കഴിഞ്ഞില്ല, ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിനുള്ളത്. അത്യാസന്ന നിലയിലുള്ള രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആണ് ജില്ലാ ആശുപത്രി അടക്കം റഫർ ചെയ്യുന്നത്. പരാതികൾക്കിടയിലാണ് ആരോഗ്യമന്ത്രി ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പോരായ്മകളിൽ റിപ്പോർട്ടിനായി എക്സ്പെർട്ട് കമ്മറ്റിയെ നിയോഗിക്കാനും നൂർദിന കർമ്മ പരിപാടിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്താനും തീരുമാനിച്ചു.
ആവശ്യമുള്ള ഡോക്ടർമാരെയും ജീവനക്കാരെയും ഉടൻ പിഎസ്‌സി വഴി നിയമിക്കും. ട്രോമ കെയർ യൂണിറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഉടൻ സ്ഥാപിക്കുന്നതിനും ധാരണയായി. കൂടാതെ, ആശുപത്രി സംരക്ഷിക്കുക സർക്കാരിൻ്റെ ബാധ്യതയാണെന്നും യുദ്ധകാല അടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾക്ക് പരിഹരിഹാരം കാണുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു.