തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മ സേനയ്ക്ക് ഇനി പച്ചയില്ല, കാവിയാണ്. കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് കാവി യൂണിഫോം വിതരണം ചെയ്തത്. പ്രതിഫലനം കൂടുതലുള്ളതിനാലാണ് ഈ നിറം തിരഞ്ഞെടുത്തതെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു.
വീടുകള്‍ തോറുമെത്തി മാലിന്യമെടുക്കുന്ന ഹരിതകര്‍മസേനാംഗങ്ങളെ തിരിച്ചറിയുന്നതുപോലും അവരുടെ പച്ച കോട്ടുകണ്ടാണ്. ആ പച്ച ഇനി വേണ്ടെന്നാണ് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ തിരുമാനം. പകരമെത്തിയതാകട്ടെ കാവിനിറത്തോട് സമാനമായ നിറമുള്ള യൂണിഫോം.
2017ല്‍ ഹരിത കേരളം മിഷന്‍റെ കീഴില്‍ ഹരിതകര്‍മസേന രൂപം കൊണ്ടതുമുതല്‍ പച്ചനിറമാണ് യൂണിഫോം കോട്ടിന്. ഇത്രയും നാളണിഞ്ഞ് മനസ്സിനോട് ചേര്‍ന്ന നിറം എങ്ങനെ ഉപേക്ഷിക്കുമെന്നാണ് ഹരിത കര്‍മസേനാംഗങ്ങള്‍ ചോദിക്കുന്നത്. കാവി പോലിരിക്കുന്ന കോട്ട്, മഞ്ഞ ഹെല്‍മെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിന്‍കോട്ട് എന്നിവയാണ് സൗജന്യമായി വിതരണം ചെയ്തത്.
പുത്തന്‍ യൂണിഫോമിനെ ഉള്‍ക്കൊള്ളാനാകാത്തതിനാല്‍ കൈപ്പറ്റാതിരുന്നവരുണ്ട്. എന്നാല്‍ മേലധികാരികള്‍ കര്‍ശന നിര്‍ദേശമിറക്കി. ഒടുവില്‍ വാങ്ങി. പക്ഷേ ധരിക്കാന്‍ മനസ്സുവരാതെ ബാഗില്‍ കൊണ്ടുനടപ്പാണ്. മറ്റുചിലരാകട്ടെ പുതിയ യൂണിഫോം അണിയാനും തുടങ്ങി. പ്രതിഫലനം കൂടുതലുള്ളതിനാലാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് മേയറിന്‍റെ ന്യായം. തീരുമാനം കേന്ദ്രത്തിന്‍റേതാണെന്നും മേയര്‍.
ഏതായാലും തിരുവനന്തപുരം സ്വദേശികള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടിലെത്തുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ പച്ചയോ കാവിയോ അണിഞ്ഞേക്കാം. യൂണിഫോമിലെ യൂണിഫോമിറ്റി പ്രതീക്ഷിക്കണ്ട.