തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ കയ്യാങ്കളി. യു.ഡി.എഫ്–ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. കൗൺസിലർ സുഗതനെ രക്ഷിക്കാനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമമാണ് സംഘർഷത്തിന് കാരണമെന്ന് യുഡിഎഫും സിപിഎമ്മും ആരോപിച്ചു. ഹാജര്‍ ബുക്ക് ബിജെപി അംഗങ്ങള്‍ തട്ടിയെടുത്തെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. ഹാജര്‍ രേഖപ്പെടുത്താന്‍ കോണ്‍ഗ്രസിനെ അനുവദിച്ചില്ല. അജന്‍ഡകളെല്ലാം പാസായെന്ന് പറഞ്ഞ് മേയര്‍ വി.വി. രാജേഷ് മടങ്ങി.

 

മിനിറ്റ്സിൽ ഒപ്പുവയ്ക്കാൻ കോൺഗ്രസ് അംഗം ശബരിനാഥിന്‍റെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും ബിജെപി അംഗങ്ങൾ തടസ്സപ്പെടുത്തുകയും മിനിറ്റ്സ് ബുക്ക് വലിച്ചുകീറുകയും ചെയ്തുവെന്ന് യുഡിഎഫ് ആരോപിച്ചു. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയന്‍ വനിതാ കൗൺസിലർമാർക്ക് നേരെ ചൂടുവെള്ളം ഒഴിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. 

 

അതേസമയം, ഒപ്പുവയ്ക്കാൻ നൽകിയ മിനിറ്റ്സ് ബുക്ക് കോൺഗ്രസ് പ്രവർത്തകർ കൈവശം വച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു. മുൻപ് നടന്ന സംഘർഷത്തിൽ പരുക്കേറ്റ എൽഡിഎഫ് കൗൺസിലർമാർ ആംബുലൻസിലും വീൽചെയറിലുമാണ് കൗൺസിൽ ഹാളിൽ എത്തിയത്. ബിജെപി അംഗങ്ങൾ കോൺഗ്രസ് അംഗങ്ങളുടെ ഷർട്ട് വലിച്ചുകീറിയെന്നും ആരോപണമുണ്ട്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിൽ പരസ്യ പ്രതിഷേധങ്ങൾ കോർപ്പറേഷന് പുറത്തേക്ക് നീങ്ങാനാണ് സാധ്യത.

ENGLISH SUMMARY:

A heated confrontation erupted inside the Thiruvananthapuram Corporation Council, leading to a physical clash between UDF and BJP councillors. Allegations include the snatching of the attendance register, tearing of the minutes book, and misconduct against women councillors. Both sides have traded accusations, while police have registered a case. The incident is expected to trigger further protests and political tensions in the Kerala capital.