തല ചായ്ക്കാൻ ഇടമൊരുക്കുന്നതിനെക്കാൾ പ്രയാസമാണ് അനന്തപുരിയിൽ വാഹനം നിർത്തിയിടാനുള്ള സ്ഥലം കണ്ടെത്തുകയെന്നത്. നോ പാർക്കിങ് ബോർഡുകൾ ദിവസേന ഒന്നിലേറെ നിരക്കുന്ന നഗരത്തിൽ വാഹന യാത്രികരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായി പുതിയ തീരുമാനം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമാന്തരമായി പുത്തരിക്കണ്ടം മൈതാനിയുടെ പിൻവശത്തായി കോർപ്പറേഷന്‍റെ വിപുലമായ കാർ പാർക്കിങ് വരുന്നു.
സ്‌മാർട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള മൾട്ടി ലെവൽ പാർക്കിങ്ങിൽ കുറഞ്ഞ നിരക്കിൽ അൻപതിലേറെ കാറുകൾ നിർത്തിയിടാനാവും. സമീപത്തായി വാഹനം ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ടാകും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കാര്‍ യാത്രികരില്‍ നിന്നും കരാറുകാരന്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിക്ക് ഭാഗികമായെങ്കിലും പരിഹാരമുണ്ടാവും.
പദ്ധതി വാഹന യാത്രികർക്ക് ഫലപ്രദമായി രീതിയിൽ പരാതി രഹിതമാക്കി നടപ്പാക്കുമെന്ന് തിരുവനന്തപുരം മേയർ വി.വി.രാജേഷ് പറഞ്ഞു. സ്മാര്‍ട് സിറ്റി പ്രൊജക്റ്റുമായി ബന്ധപ്പെട്ട് മുന്‍ഭരണസമിതി നടപ്പാക്കിയിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് നടപ്പാക്കും. പദ്ധതിയില്‍ ചില അപാകതകളുണ്ടെന്ന ആക്ഷേപം വന്നിട്ടുണ്ട്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യണമെന്നും നിര്‍ദേശമുണ്ടെന്നും മേയര്‍ പറയുന്നു.
ഇതോടെ തിരുവനന്തപുരം നഗരപരിധിയിൽ നാലിടങ്ങളിൽ കാർ പാർക്കിങ് സൗകര്യമായി. തമ്പാനൂർ, പാളയം, കോർപ്പറേഷൻ ഓഫിസിന് പിൻവശം എന്നീ മൂന്നിടങ്ങൾക്ക് പുറമേയാണ് പുത്തിരിക്കണ്ടത്തെയും സൗകര്യം വരുന്നത്. മെഡിക്കൽ കോളജ് പരിസരത്തുകൂടി സമാനമായ സൗകര്യം വൈകാതെ യാഥാർഥ്യമാകും.