ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് തിരിച്ചു കൊടുത്തില്ലെങ്കിൽ ജപ്തി നടപടി നേരിടേണ്ടി വരുമെന്ന് അറിയാമോ?  കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥശാലകളിൽ ഒന്നായ തിരുവനന്തപുരത്തെ പബ്ലിക്ക് ലൈബ്രറി എന്നറിയപ്പെടുന്ന സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി റവന്യൂ റിക്കവറി നടപടിക്ക് ഒരുങ്ങുകയാണ്.

നടപടി തുടങ്ങിയാല്‍ എത്ര പേര്‍ കുടുങ്ങുമെന്ന് അറിയാമോ. റിപ്പോർട്ട് കാണാം.സംസ്ഥാനത്തെ ഏറ്റവും പ്രധാന വായനശാലകളിൽ ഒന്നായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അവധിക്കാലമായതോടെ വലിയ തിരക്കാണ്. ഇങ്ങനെ വായിക്കാൻ കൊണ്ടുപോയി തിരികെ വരാത്ത 15,643 പുസ്തകങ്ങളുണ്ട് ഇവിടെ. ഇവ തിരിച്ചുപിടികാന്‍ ഒരു മാര്‍ഗമേയുള്ളു. റവന്യൂ റിക്കവറി. മുന്‍പും ജപ്തി നടപടികളിലൂടെ പുസ്തകങ്ങള്‍ തിരിച്ചുപിടിച്ചിട്ടുണ്ട് ഇതേ ലൈബ്രറി.മടങ്ങിവരാത്തവയില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച  പുസ്തകങ്ങളുണ്ട്. വില തുച്ഛമായിരിക്കും. പക്ഷേ മൂല്യം അളക്കാനാവില്ല.

കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്ത പുസ്തകങ്ങള്‍ക്ക് ഒരു ദിവസം ഒരു രൂപയാണ് പിഴ. അതിലും ആശങ്കപ്പെടേണ്ട. പുസ്തകം തിരികെ എത്തിച്ചാൽ ഇളവുണ്ട്. പുസ്തകങ്ങൾ ഒരിക്കലും വായ്പ‌ കൊടുക്കരുത്, കാരണം ആരും അവ തിരികെകിട്ടില്ല. എന്റെ സ്വകാര്യ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ എല്ലാം മറ്റുള്ളവർ എനിക്ക് വായ്പയായി നൽകിയവയാണ്. - എഴുത്തുകാരനായ അനറ്റോൾ ഫ്രാൻസിൻ്റെ വിഖ്യാത പ്രസ്താവന ഗ്രന്ഥശാലകളില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളുടെ കാര്യത്തില്‍ പിന്തുടരുത്.