തിരുവനന്തപുരം മേയർ വി വി രാജേഷും മന്ത്രി കെ ബി ഗണേഷ് കുമാറും കൊമ്പുകോർത്ത നഗരത്തിലെ ഇലക്ട്രിക് ബസ് തർക്കത്തിന് രമ്യമായ പരിഹാരം. റൂട്ടുകൾ പുനക്രമീകരിച്ച് ബസ്സുകൾ ഓടിത്തുടങ്ങി. സ്വന്തം വാർഡായ കൊടുങ്ങാനൂരിൽ നിന്നുള്ള ആദ്യ സർവീസിന്‍റെ ഫ്ളാഗ് ഓഫ് മേയർ നിർവഹിച്ചു.
തിരുവനന്തപുരം നഗരത്തിലെ ഇടറോഡുകളിനി ഇലക്ട്രിക് ബസുകൾ കീഴടക്കും. തർക്കം തീർത്ത് മന്ത്രിയും മേയറും കൈകൊടുത്തതോടെയാണ് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സർവീസുകൾക്ക് തുടക്കമായത്. മേയറുടെ വാർഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ബസ് ആണ് ആദ്യമായി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 7:30-ന് കുലശേഖരത്തുനിന്ന് പുറപ്പെട്ട് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് സർവീസ്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ നിശ്ചയിച്ച റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും. ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മേയർ.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് വായു മലിനീകരണം കുറഞ്ഞ ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിത്തുടങ്ങിയത്. കെബി ഗണേഷ് കുമാർ മന്ത്രി ആയപ്പോൾ നഗരത്തിന് പുറത്തേക്ക് പല സർവീസുകളും മാറ്റിയതിനെതിരെയാണ് മേയർ ബി വി രാജേഷ് നിലപാടെടുത്തത്. പിന്നീട് മന്ത്രിയും മേയറും തമ്മിൽ ധാരണയായതോടെയാണ് ഇലക്ട്രിക് ബസുകൾ വീണ്ടും നിരത്തിലിറക്കിയത്.