സംസ്ഥാന പൊലീസിലെ ഏറ്റവും അഭിമാന പദവികളിലൊന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ  ശേഷമുള്ള ആദ്യ അഴിച്ചുപണിയുടെ ഭാഗമായി ഡി.ഐ.ജി അരുള്‍ ബി.കൃഷ്ണയെ തിരുവനന്തപുരം കമ്മീഷണറായി നിയമിച്ചു. അരുള്‍ ഇന്ന് ചുമതലയേറ്റതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടുകാരനായ ഒരാള്‍ തിരുവനന്തപുരം കമ്മീഷണറാകുന്നൂവെന്ന നേട്ടവും പിറന്നിരിക്കുകയാണ്.

തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്നയാളാണ് അരുള്‍ ബി.കൃഷ്ണ. നഗരത്തില്‍ തന്നെ സ്ഥിരതാമസവും. അങ്ങനെ പൂര്‍ണമായും തിരുവനന്തപുരത്തക്കാരന്‍. അങ്ങനെയൊരാള്‍ തലസ്ഥാനത്തിന്റെ സ്ഥിരം കമ്മീഷണറായിട്ട് പതിറ്റാണ്ടുകളായി. 2019ല്‍ രണ്ട് തവണ എം.ആര്‍.അജിത് കുമാറിന് ഏതാനും മാസത്തേക്ക് കമ്മീഷണറുടെ  ചുമതല നല്‍കിയിരുന്നു. അജിത് കുമാര്‍ തിരുവനന്തപുരത്തുകാരനാണ്. പക്ഷെ അത് താല്‍കാലിക നിയമനങ്ങള്‍ മാത്രമായിരുന്നു. 

എറണകുളം റേഞ്ച് ഡി.ഐ.ജി പദവിയില്‍ നിന്നാണ് അരുള്‍ തിരുവനന്തപുരം കമ്മീഷണറാകുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച്  വര്‍ഷത്തോളം അരുള്‍ ഗവര്‍ണറുടെ എ.ഡി.സിയായിരുന്നു. സര്‍വീസിന്‍റെ തുടക്ക സമയത്ത് അരുള്‍ തിരുവനന്തപുരത്ത് ഡി.സി.പിയായിട്ടുണ്ട്.

തിരുവനന്തപുരത്ത് സ്വൈര്യജീവിതം ഉറപ്പാക്കുകയാണ് പ്രഥമ പരിഗണനയെന്നാണ് അരുള്‍ ബി.കൃഷ്ണയുടെ കാഴ്ചപ്പാട്. വിഴിഞ്ഞം തുറമുഖം ഉള്‍പ്പടെ നഗരം വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിനനുസരിച്ചുള്ള സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ നിരന്തര ജാഗ്രത പുലര്‍ത്തുമെന്നും അദേഹം വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Thiruvananthapuram Police Commissioner, DIG Arul B. Krishna, has taken charge, marking a significant appointment as a native of the city returns to the prestigious post after decades. His primary focus is ensuring peaceful living in Thiruvananthapuram, addressing security challenges posed by the city's growth, including the Vizhinjam port.