tvm-corporation

തിരുവനന്തപുരം കോര്‍പറേഷന്റെ 200 കോടി രൂപ നീക്കിയിരിപ്പ് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നവംബര്‍ 18ലെ ഉത്തരവ് നടപ്പാക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങിയതോടെ എതി‍ര്‍പ്പുമായി ബി.ജെ.പി രംഗത്തെത്തി. നഗരസഭയെ സാമ്പത്തികമായി ഞെരുക്കാനും ബി.ജെ.പി അനുകൂല ജനവിധി അട്ടിമറിക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ ആരോപിച്ചു. 

കോര്‍പറേഷന്റെ നീക്കിയിരിപ്പ് ഫണ്ടിലെ 200 കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിന്റെ കത്താണ് അധികാരമേല്‍ക്കാനിരിക്കുന്ന ബി.ജെ.പി ആയുധമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസം പതിനെട്ടിന് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഘട്ടത്തിലാണ് കോര്‍പറേഷന്‍ സെക്രട്ടറിക്ക് സര്‍ക്കാര്‍ കത്തയച്ചത്. 24നുള്ളില്‍  പണം നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. അധികാരം നഷ്ടുമെന്ന് ഉറപ്പിച്ചാണ് തന്നത്ഫണ്ട് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് ബി.ജെ.പി ആരോപിച്ചു. 

അതേസമയം, ട്രഷറി ധനസമാഹാരണത്തിന്റെ ഭാഗമായിട്ടാണ് നിക്ഷേപത്തിന് നിര്‍ദേശം നല്‍കിയതെന്നും ഇത് സാധാരണ നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ആറുമാസത്തേക്കാണ് തുക നിക്ഷേപിക്കുന്നത്. ഇതിന് പലിശയും സര്‍ക്കാര്‍ നല്‍കും. ചുമതലേല്‍ക്കലിന് മുന്‍പേ വിവാദമുയര്‍ത്തി സര്‍ക്കാരുമായി ഏറ്റുമുട്ടലിന് തന്നെയെന്ന സന്ദേശമാണ് ബി.ജെ.പി നല്‍കുന്നത്. 

ENGLISH SUMMARY:

Thiruvananthapuram Corporation Fund faces controversy after the Kerala government ordered the transfer of ₹200 crore to the treasury. BJP protests, alleging the move aims to financially cripple the corporation and undermine the recent election results, while the government maintains it's a routine fund mobilization effort.