TOPICS COVERED

ശംഖ് മുദ്രയാക്കിയവര്‍ തീരുമാനിക്കും ആരെ പിന്തുണച്ച് അധികാരത്തിലെത്തിക്കണമെന്ന്. തിരുവനന്തപുരം വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ മൂന്ന് മുന്നണികള്‍ക്കും ആറ് സീറ്റ് വീതമായപ്പോള്‍ രണ്ട് സ്വതന്ത്രരാണ് കാര്യങ്ങള്‍ നിശ്ചയിക്കുക. ഇരുപതംഗ ഭരണസമിതിയില്‍ മൂന്ന് മുന്നണികള്‍ക്കും ആറ് വീതമാണ് അംഗബലം. 

കഴിഞ്ഞ തവണ 17 സീറ്റുകളുണ്ടായിരുന്ന പഞ്ചായത്തില്‍  യുഡിഎഫും ബിജെപിയും 5 വീതം സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ ഇരുപത് സീറ്റുകളില്‍ മത്സരിച്ച മൂന്ന് മുന്നണികളും 6 വീതം സീറ്റുയര്‍ത്തി. രണ്ടുപേര്‍ സ്വതന്ത്രര്‍. ചൂഴാറ്റുകോട്ട വാര്‍ഡില്‍ നിന്നും ജയിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ ഗോപാലകൃഷ്ണനും, പെരുങ്കാവ് വാര്‍ഡിലെ വിജയി സുധീര്‍കുമാറുമാണ് താരങ്ങള്‍. ഇരുവരും പാര്‍ട്ടി സീറ്റെന്ന ഓഫര്‍ വേണ്ടെന്ന് വച്ചാണ് കളത്തിലിറങ്ങിയത്. ഇരുവരും മല്‍സരിച്ച് വിജയിച്ചത് ശംഖ് അടയാളത്തില്‍. നേരത്തെ ചൂഴാറ്റുകോട്ട വാര്‍ഡിന്‍റെ ജനപ്രതിനിധിയായിരുന്ന ഗോപാലകൃഷ്ണന്‍ പ്രചരണത്തിനായി ഫ്ളക്സ്, പോസ്റ്റര്‍, അനൗണ്‍സ്മെന്‍റ് എന്നിവ ഒഴിവാക്കി അഭ്യര്‍ഥനയിലൂടെയാണ് വാര്‍ഡിലെ അമരക്കാരനായത്. 

സിപിഎം പെരുങ്കാവ് ലോക്കല്‍ കമ്മറ്റി അംഗംവും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായ സുധീര്‍കുമാര്‍ നേരത്തെ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് സ്വതന്ത്രനായി വിജയിക്കുന്നത്.

പട്ടികജാതി സംവരണമായതിനാല്‍ പ്രസിഡന്‍റ് എന്ന അവകാശവാദം ഇരുവര്‍ക്കും സാധ്യമല്ല. വിജയിച്ചവരില്‍ കോണ്‍ഗ്രസിലും ബിജെപിയിലും സംവരണ അംഗങ്ങളുണ്ട്. മൂന്ന് മുന്നണി നേതൃത്വവും ശംഖുകാരുടെ ശംഖൊലിക്കായി അഭ്യര്‍ഥന തുടങ്ങിയിട്ടുണ്ട്. ഇരുവരും വ്യത്യസ്ത മുന്നണികളുടെ ഭാഗമായാല്‍ ഭരണം നിശ്ചയിക്കുക നറുക്കെടിപ്പിലൂടെയാവും. കഴിഞ്ഞതവണ ബിജെപിയും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയതോടെ ടോസിലൂടെ പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്‍റ് സ്ഥാനം ബിജെപിക്കുമാണ് ലഭിച്ചത്.

ENGLISH SUMMARY:

In the Vilavoorkkal Panchayat of Thiruvananthapuram, a unique political deadlock has emerged as the LDF, UDF, and BJP all secured exactly six seats each in the 20-member council. The power to decide the administration now rests with two independent candidates who both contested and won under the 'Conch' (Shankhu) symbol. Gopalakrishnan, an autorickshaw driver who won through a minimalist campaign, and Sudheerkumar, a former CPM local committee member, are the decisive factors. As the President's post is reserved for the SC category, which only Congress and BJP possess among their winners, all three fronts are now wooing the independents. If the independents split their support, the administration might once again be decided by a toss, as happened in the previous term.