കോഴിക്കോട് കോര്‍പ്പറേഷനിലെ തോല്‍വിക്ക് പിന്നാലെ ഇടതു മുന്നണിക്കുള്ളില്‍ കാലുവാരല്‍ പരാതിയുമായി ആര്‍.ജെ.ഡി. മത്സരിച്ച അഞ്ച് സീറ്റുകളിലും ആര്‍.ജെ.ഡി ദയനീയമായി പരാജയപ്പെട്ടിരുന്നു. പരാജയത്തിന് കാരണം സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ആര്‍.ജെ.ഡി ജില്ലാ നേതൃത്വം പരാതി നല്‍കി. 

യു.ഡി.എഫ് തരംഗത്തില്‍ ഇടത് മുന്നണി അല്‍പമെങ്കിലും പിടിച്ചു നിന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ ഘടകക്ഷിയായ ആര്‍.ജെ.ഡിയുടെ നില ദയനീയമാണ്. ലഭിച്ച അഞ്ച് സീറ്റുകളിലും തോറ്റു മാവൂര്‍ റോഡ് ,മൂന്നാലുങ്കല്‍, നടക്കാവ് ഡിവിഷനുകളില്‍ മൂന്നാം സ്ഥാനത്തായി സ്ഥാനാര്‍ഥികള്‍. സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സഹകരിച്ചില്ലെന്നും ജയസാധ്യതയുണ്ടായിരുന്ന നടക്കാവ് വാര്‍ഡില്‍ ഉള്‍പ്പെടെ സിപിഎം  നേതാക്കള്‍ കാലുവാരിയെന്നുമാണ് ആര്‍.ജെ.ഡിയുടെ പരാതി. 

ആര്‍.ജെ.ഡി പ്രാദേശിക നേതൃത്വത്തിന്‍റെ കാലുവാരല്‍  പരാതി സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നുണ്ട്. ഇടത് മുന്നണിക്കുള്ളില്‍ വിഷയം അവതരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എം.വി ശ്രേയാസ് കുമാര്‍ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആദ്യമായാണ് ആര്‍ജെഡിക്ക് കൗണ്‍സിലില്‍ അംഗത്വമില്ലാതാകുന്നത്. ജില്ലാ എല്‍.ഡി.എഫ് യോഗത്തിലടക്കം വിഷയം ശക്തമായി ഉന്നയിക്കാനും നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെടാനുമാണ് ആര്‍ജെ.ഡിയുടെ നീക്കം. 

ENGLISH SUMMARY:

Following a humiliating defeat in the Kozhikode Corporation elections, the Rashtriya Janata Dal (RJD) has filed a complaint with the CPM state committee alleging internal sabotage by local CPM leaders. RJD, which contested five seats, lost all of them and finished third in Mavoor Road, Moonnalungal, and Nadakkavu divisions. RJD state president M.V. Shreyams Kumar confirmed that the issue would be raised within the LDF, noting that this is the first time the party has no representation in the Kozhikode council. The district leadership alleges that local CPM workers did not cooperate and actively worked against RJD candidates.