തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായ മുന്‍ ഡി.ജി.പി ആർ ശ്രീലേഖയുടെ പ്രചാരണ ബോര്‍ഡുകളില്‍ നിന്ന് 'ഐ.പി.എസ്' തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടി. കറുത്ത പെയിന്‍റടിച്ച് കമ്മീഷന്‍ മായ്ച്ച് തുടങ്ങിയതോടെ ബി.ജെ.പിക്കാര്‍ ഐ.പി.എസിന് മുന്നില്‍ റിട്ടയേര്‍ഡ് എന്ന് എഴുതി ചേര്‍ത്തു. ഐ.പി.എസ് ഇല്ലങ്കിലും എല്ലാവരും അറിയുമെന്ന് ശ്രീലേഖ മനോരമ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരത്തെ ബി.ജെ.പിയുടെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ശാസ്തമംഗലത്ത് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വം. ഇതോടെ ഫ്ളെക്സിലും ചുവരെഴുത്തുകളിലുമെല്ലാം ആര്‍. ശ്രീലേഖ ഐ.പി.എസ് എന്ന പേര് നിറഞ്ഞു. എന്നാല്‍ ഇന്നലെ മുതല്‍ മാറ്റം സംഭവിച്ചു. ഐ.പി.എസ് ഭാഗം കറുത്ത മഷികൊണ്ട് മായിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ നടപടിക്ക് പിന്നില്‍ ഇതേ വാര്‍ഡിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രശ്മിയുടെ പരാതിയാണ്. പുതിയ ബോര്‍ഡുകളില്‍ ഐ.പി.എസും ഇല്ല റിട്ടയേഡും ഇല്ല. ആര്‍. ശ്രീലേഖ മാത്രമായി.