light-metro

TOPICS COVERED

ടെക്നോപാര്‍ക്ക്, വിമാനത്താവളം, റെയില്‍വേസ്റ്റേഷന്‍, സെക്രട്ടറിയേറ്റ്... തുടങ്ങിയ സുപ്രധാന ലാന്‍ഡ്മാര്‍ക്കുകളെ ബന്ധിപ്പിച്ചാണ് തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാവുക. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട അലൈന്‍മെന്‍റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അത് അടിസ്ഥാനമാക്കിയുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍മാണച്ചുമതലയുള്ള കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പാണ് തിരുവനന്തപുരം നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്‍റ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പാപ്പനംകോട് നിന്ന് ആരംഭിച്ച് പാളയം, ശ്രീകാര്യം, കഴക്കൂട്ടം, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടത്തിന്‍റെ അലൈന്‍മെന്‍റ്. ടെക്നോപാര്‍ക്കിന്‍റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. 

27 സ്റ്റേഷനുകളായിരിക്കും ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. കഴക്കൂട്ടം, ടോക്നോപാര്‍ക്ക്, കാര്യവട്ടം എന്നിവയാണ് ഇന്‍റര്‍ചേഞ്ച് സ്റ്റേഷനുകള്‍.   മെട്രോയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റയിലിനാണ് മെട്രോയുടെ നിര്‍മാണച്ചുമതല. അംഗീകരിച്ച അലൈന്‍മെന്‍റ് അടിസ്ഥാനമാക്കി വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കെ.എം.ആര്‍.എല്‍ സമര്‍പ്പിക്കും. ഇതിന് ശേഷം, പാരിസ്ഥിതിക അനുമതി , ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയ  കടമ്പകള്‍ കടന്നാലേ നിര്‍മാണത്തിന് തുടക്കമിടാന്‍ കഴിയൂ. 

പാപ്പനംകോട്–കൈമനം–കരമന–കിള്ളിപ്പാലം ജംക്ഷന്‍–തമ്പാനൂര്‍–സെക്രട്ടറിയേറ്റ്–പാളയം–പ്ലാമൂട്–പട്ടം–മുറിഞ്ഞപാലം–മെഡിക്കല്‍ കോളജ്–ഉള്ളൂര്‍–പോങ്ങുമൂട്–ശ്രീകാര്യം–പാങ്ങാപ്പാറ–ഗുരുമന്ദിരം–കാര്യവട്ടം–ടെക്നോപാര്‍ക്ക് ഫേസ് 1– ടെക്നോപാര്‍ക്ക് ഫേസ് 3– കുളത്തൂര്‍–ടെക്നോപാര്‍ക്ക് ഫേസ് 2–ആക്കുളം കായല്‍– കൊച്ചുവേളി–വെണ്‍പാലവട്ടം–ചാക്ക–വിമാനത്താവളം–ഈഞ്ചക്കല്‍

ENGLISH SUMMARY:

Thiruvananthapuram Light Metro is poised to transform the city's infrastructure. The approved first phase alignment connects key landmarks, requiring detailed project reports and subsequent environmental clearances before construction can commence.