ഫയല്‍ ചിത്രം
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ മെട്രോ ട്രെയിന്‍ സബ്വേയില് കുടുങ്ങി. എയര്‍പോര്‍ട്ടിനും വിംകോ നഗര്‍ ഡിപോയ്ക്കും ഇടയിലെ ബ്ലൂ ലൈനിലാണ് സാങ്കേതിക തടസം നേരിട്ടത്. തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ കുടുങ്ങിയതോടെ യാത്രക്കാരോട് തൊട്ടടുത്ത സ്റ്റേഷനിലേക്ക് ഇറങ്ങി നടക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. അരക്കിലോമീറ്റര്‍ ദൂരമാണ് യാത്രക്കാര്‍ നടക്കേണ്ടി വന്നത്.
10 മിനിറ്റോളം ഉള്ളില്‍ കുടുങ്ങിയെന്ന് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്. പിന്നീടാണ് ഹൈക്കോര്‍ട്ട് മെട്രോ സ്റ്റേഷനിലേക്ക് നടക്കാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം വന്നതെന്നും യാത്രക്കാര്‍ വെളിപ്പെടുത്തി. തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ സാധാരണ നിലയിലായെന്നും ചെന്നൈ മെട്രോ റെയില്‍ എക്സില്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും അതിവേഗത്തില്‍ തകരാര്‍ പരിഹരിക്കാനായെന്നും കുറിപ്പിലുണ്ട്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് മെട്രോ പണിമുടക്കുന്നത് ഇതാദ്യമായല്ല. ജൂണില്‍ വിമാനത്താവളത്തിലെ മെട്രോ പണിമുടക്കിയതോടെ ഗ്രീന്‍, ബ്ലൂ ലൈനുകളിലെ സര്‍വീസ് തടസപ്പെട്ടിരുന്നു. ബ്ലൂ ലൈനിലെ തകരാര്‍ രണ്ടുമണിക്കൂറിനുള്ളില്‍ പരിഹരിച്ചുവെങ്കിലും ഗ്രീന്‍ ലൈനിലേത് അഞ്ചുമണിക്കൂറിന് ശേഷമാണ് പരിഹരിക്കാന്‍ കഴിഞ്ഞത്. യാത്രക്കാരുടെ വന്‍ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് അന്നുണ്ടായത്. ഇതിന് മുന്‍പ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോയമ്പേടേക്കുള്ള മെട്രോയും തിരുമാംഗലം സ്റ്റേഷനടുത്ത് 20 മിനിറ്റോളം തകരാറിലായി കിടന്നിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ നടന്നാണ് അടുത്ത സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് അരമണിക്കൂറോളം സര്‍വീസ് തടസപ്പെടുകയും ചെയ്തിരുന്നു.