മലയാള മനോരമ നല്ലപാഠം കൃഷിമുറ്റം പദ്ധതിയിൽ 14 ജില്ലകളിലും ഒന്നാമതെത്തിയ വിദ്യാലയങ്ങൾക്കു മാതൃകാ കൃഷിത്തോട്ടം ഒരുക്കി നൽകുന്ന പദ്ധതിക്കു തുടക്കം. കൃഷി മന്ത്രി പി.പ്രസാദ് തിരുവനന്തപുരം ജില്ലാ വിജയികളായ പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ വിദ്യാർഥികൾക്കു വൃക്ഷത്തൈ സമ്മാനിച്ച് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ പി.ജെ.ജോഷ്വ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി. പഠനത്തിനൊപ്പം കാർഷികാഭിമുഖ്യമുള്ള പ്രവർത്തനങ്ങളിലൂടെ മികവു കാട്ടിയ വിദ്യാലയങ്ങൾക്കാണു കൃഷിമുറ്റം സമ്മാനം. പഠനവും കൃഷിയും ഒരുമിച്ചു കൊണ്ടു പോകണമെന്നും പരിസ്ഥിതിയെ പ്രാണനായി കരുതണമെന്നും മന്ത്രി പ്രസാദ് പറഞ്ഞു.