വിഴിഞ്ഞം–നാവായിക്കുളം ഔട്ടര്‍ റിങ് റോഡിനായി ഭൂമി ഏറ്റെടുത്തതിലൂടെ വിളപ്പില്‍ശാല സ്വദേശി അജിത നരേന്ദ്രനാഥിന് നഷ്ടമായത് രണ്ട് പതിറ്റാണ്ടുകാലത്തെ ഉപജീവനമാര്‍ഗമാണ്. വീടിനോട് ചേര്‍ന്നുള്ള 58 സെന്‍റ് സ്ഥലത്ത് പശുഫാം നടത്തിയായിരുന്നു അജിത ഉപജീവനം കണ്ടെത്തിയിരുന്നത്. ഭൂമിയും വീടും ഉടന്‍ ഒഴിയണമെന്ന് അറിയിച്ചതോടെ പശുക്കളെയെല്ലാം കിട്ടിയ വിലയ്ക്ക് വിറ്റു. ഇപ്പോള്‍ നിത്യച്ചെലവിന് പോലും കഷ്ടപ്പെടുകയാണ് അജിതയും കുടുംബവും. മനോരമന്യൂസ് പരമ്പര 'റിങ്ങില്‍ കുരുക്കി'.
12 പശുക്കളുണ്ടായിരുന്നു വീടിന് പിറകില്‍ അജിത നടത്തിയിരുന്ന ഫാമില്‍. ഒപ്പം ആടും കോഴിയും താറാവുമൊക്കെ വളര്‍ത്തിയായിരുന്നു അജിത ഉപജീവനം. മാസം ഒന്നര ലക്ഷം രൂപവരെ വരുമാനം അവയില്‍ നിന്നെല്ലാം ലഭിച്ചു. ഔട്ടര്‍ റിങ് റോഡിന് ഭൂമി ഏറ്റെടുത്തതോടെ എല്ലാം തുഛമായ വിലക്ക് വിറ്റു. ഫാം നടത്തിപ്പിനും മകളുടെ വിവാഹത്തിനുമൊക്കെയായി വലിയൊരു തക വായ്പയെടുത്തിരുന്നു അജിതയും ഭര്‍ത്താവും. ഫാമില്‍ നിന്നുള്ള വരുമാനം കൊണ്ട് തിരിച്ചടവ് വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോയി. വരുമാനം നിലച്ചതോടെ കടം പെരുകി. ഇന്ന് 70 ലക്ഷത്തോളം രൂപയുടെ ബാധ്യത ഇവര്‍ക്കുണ്ട്. 3 വര്‍ഷമായിട്ടും.
ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹരത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും നേരിട്ട് പോയി പരാതി നല്‍കി. മുഖ്യന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് സി.എം രവീന്ദ്രന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
ഇരുപത് വര്‍ഷമായി തന്‍റെ ജീവിത മാര്‍ഗമായ പശുക്കളെ വിറ്റും, വീടും ഭൂമിയും വിട്ട് കൊടുത്തും സഹിച്ച ത്യാഗത്തിന് മൂന്ന് വര്‍ഷമായി ഒരു രൂപ നഷ്ടപരിഹാരം നല്‍കാതെ പറ്റിച്ച ശേഷം വീണ്ടും ത്യാഗം ചെയ്യാന്‍ പറയുന്നതിലുണ്ട് ഔട്ടര്‍ റിങ് റോഡിന് ഭൂമിയും വീടും വിട്ട് നല്‍കി പെരുവഴിയിലായവരോടുള്ള ഈ സര്‍ക്കാരിന്‍റെ മനോനില.