മഴയില്‍ വീട് തകര്‍ന്നു. പകരം ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് അനുവദിച്ചു. പക്ഷെ ഭൂമി വിഴിഞ്ഞം– നാവായിക്കുളം ഔട്ടര്‍ റിങ് റോഡിനായി ഏറ്റെടുത്തതിനാല്‍ വീട് വയ്ക്കാനാകുന്നില്ല. മറ്റൊരു ഭൂമി വാങ്ങി വീട് വയ്ക്കാമെന്ന് വച്ചാല്‍ ഏറ്റെടുത്ത ഭൂമിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. മൂന്ന് വര്‍ഷമായി അതിനായുള്ള കാത്തിരിപ്പിലാണ് തിരുവനന്തപുരം മാണിക്കല്‍ സ്വദേശികളായ ഷീജയും രണ്ട് മക്കളും. ഔട്ടര്‍ റിങ് റോഡിനായി ഭൂമിയേറ്റെടുത്ത് സര്‍ക്കാര്‍ പെരുവഴിയിലാക്കിയ അനേകം കൂടുംബങ്ങളിലൊന്ന്.
വിഴിഞ്ഞം തുറമുഖത്തിനൊപ്പം തിരുവനന്തപുരത്തിന്‍റെ മുഖഛായ മാറ്റുമെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ നീളുന്ന 4 വരിപ്പാത. തുറമുഖത്ത് നിന്നും ചരക്ക് നീക്കുന്നതിനുള്ള ഈ സുപ്രധാന പാതക്കായി സ്ഥലമേറ്റെടുക്കാന്‍ ത്രി ഡി വിജ്ഞാപനം ഇറക്കിയത് 2022 ഒക്ടോബറില്‍. ഇതോടെ ഭൂമിയിലുള്ള അവകാശം ഉടമകള്‍ക്ക് നഷ്ടമായി. പക്ഷെ മൂന്ന് വര്‍ഷമായിട്ടും ഒരു രൂപ നഷ്ടപരിഹാരമായി ഉടമകള്‍ക്ക് ലഭിച്ചിട്ടില്ല.
റിങ് റോഡിനായി സ്ഥലമേറ്റെടുത്ത് സര്‍ക്കാര്‍ പെരുവഴിയിലായ അനേകം പേരില്‍ ഒരാളാണ് വെമ്പായം മാണിക്കല്‍ പഞ്ചായത്തിലെ ഇടത്തറ വാര്‍ഡിലെ ഷീജ. ഷീജയുടെ വീട് കഴിഞ്ഞ മഴയില്‍ തകര്‍ന്നുവീണു. അതിന്‍റെ അവശിഷ്ടങ്ങളാണ് ഈ കാണുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പകരമൊരു വീട് നല്‍കാന്‍ പഞ്ചായത്ത് അനുമതി നല്‍കി. പക്ഷെ ഈ ഭൂമിയില്‍ നിര്‍മാണം നടക്കില്ല. കാരണം ഔട്ടര്‍ റിങ് റോഡിനായി മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര‍് ഏറ്റെുത്തതാണ്. പകരം മറ്റൊരു ഭൂമി വാങ്ങണമെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. മൂന്ന് വര്‍ഷമായി അതിനായുള്ള കാത്തിരിപ്പിലാണ്. ഷീജയും രണ്ട് മക്കളും. ബന്ധുവിന്‍റെ ഈ ഒറ്റമുറി വീട്ടില്‍ എത്രകാലം കഴിയേണ്ടി വരും എന്ന് ഇവര്‍ക്കറിയില്ല. ഔട്ടര്‍ റിങ്റോഡില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം തട്ടിക്കളിക്കുന്നത് ഇവരുടെ വീടെന്ന സ്വപനം കൂടിയാണ്.