കുടുംബശ്രീയുടെ കേരള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ടുള്ള കൗണ്ടറിലൂടെ ഉപഭോക്താക്കളിലേക്ക്. ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈവിധ്യമുള്ള ചിക്കന്‍ ലഭിക്കും. തിരുവനന്തപുരം പള്ളിമുക്കിലെ വില്‍പന കൗണ്ടര്‍ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ അംഗങ്ങളുടെ ഫാമില്‍ വളര്‍ത്തിയ കോഴികളെ ശാസ്ത്രീയമായി സംസ്ക്കരിച്ച് ശീതീകരിച്ചുള്ള വില്‍പ്പന. ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നിവയാണ് കുടുംബശ്രീ കേരള ചിക്കന്‍ ബ്രാന്‍ഡിന്‍റെ അകമ്പടിയില്‍ പ്രത്യേക കൗണ്ടറില്‍ നിരത്തിയിട്ടുള്ളത്. മറ്റ് വിഭവങ്ങളുടേത് പോലെ കുടുംബശ്രീയുടെ നിലവാരപ്പെരുമ ഇതിനകം ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ്.
പൊതു വിപണിയില്‍ എത്ര വില ഉയര്‍ന്നാലും പരമാവധി വില കുറച്ചുള്ള ചിക്കന്‍ വില്‍പ്പന തുടരും. ഒരു കിലോ മുതലുള്ള ഉല്‍പ്പന്നങ്ങളാണ് ലഭിക്കുന്നത്. പത്ത് കിലോയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് സ്ഥലത്ത് നേരിട്ടെത്തിക്കും. 2019 ല്‍ തുടങ്ങിയ പദ്ധതിയില്‍ നിലവില്‍ 482 ബ്രോയ് ലര്‍ ഫാമുകളും 142 ചില്ലറ ഔട്ട് ലെറ്റുകളുമുണ്ട്.