TOPICS COVERED

ജീവിത സായാഹ്നത്തിലേക്ക് കരുതിവച്ച സമ്പാദ്യമെല്ലാം ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘം ജീവനക്കാര്‍ തട്ടിയെടുത്തതിന്‍റെ ആഘാതം വിട്ടൊഴിയാതെ എണ്‍പത് പിന്നിട്ട ശില്‍പി നാരായണ മൂര്‍ത്തി. രോഗബാധയാല്‍ വലയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിയായ നാരായണ മൂര്‍ത്തിക്ക് അരക്കോടിയിലേറെ രൂപയാണ് തിരികെ കിട്ടാനുള്ളത്. ആയിരത്തി അഞ്ഞൂറിലേറെ നിക്ഷേപകരുടെ സ്വപ്നങ്ങള്‍ പാതിവഴിയിലായപ്പോള്‍ ആത്മഹത്യ ചെയ്തവരുണ്ട്, ഗുരുതര രോഗബാധയില്‍പ്പെട്ട് വലയുന്നവരുണ്ട്. 

നടന്നേറിയ വഴികളിലെല്ലാം ചാരുതയോടെ തീര്‍ത്ത ശില്‍പങ്ങളുടെ നിരയുണ്ട്. നിര്‍മിതി വൈഭവത്തിന്‍റെ പൂര്‍ണതയില്‍ ആരോഗ്യം നോക്കാതെ അധ്വാനിച്ച് നേടിയതാണ്. മക്കളെ പഠിപ്പിച്ചും കുടുംബം നോക്കിയും ചെലവിനൊപ്പം ഒന്നും രണ്ടും രൂപ സ്വരൂക്കൂട്ടി അധ്വാനിയായ നാരായണ മൂര്‍ത്തി ഭാവിയിലേക്ക് കരുതിവച്ചതാണ്. ചിട്ടി കെട്ടിയും സമ്പാദിച്ചതും പരിചരണത്തിനായി മക്കള്‍ നല്‍കിയതും ചേര്‍ത്ത് അരക്കോടിയിലേറെ രൂപ പലഘട്ടങ്ങളിലായി നിക്ഷേപിച്ചു. ബി.എസ്.എന്‍.എല്ലിന് കീഴിലുള്ള സൊസൈറ്റിയല്ലേ വിശ്വാസ്യതയുള്ളതല്ലേ എന്ന് കരുതി. ആദ്യഘട്ടത്തിലെ കൃത്യത പിന്നീടുണ്ടായില്ല. ഒരു രൂപ പോലും കിട്ടാത്ത സ്ഥിതിയായി. വിശ്രമ കാലത്ത് ആശ്വാസമാകുമെന്ന് കരുതിയിരുന്ന പണം കിട്ടാത്തതിനാല്‍ കടുത്ത നിരാശയിലാണ്. നാരായണ മൂര്‍ത്തിയുടെ ശബ്ദം ഇടറും, ദൂരേക്ക് നോക്കിയിരിക്കും. എണ്‍പത് പിന്നിടുമ്പോഴും ഉപജീവനത്തിനായി നിത്യവരുമാനം തേടിയിറങ്ങേണ്ട അവസ്ഥ.

മുന്നൂറ് കോടിയോടടുത്ത് രൂപയാണ് ആയിരത്തി അഞ്ഞൂറിലേറെ നിക്ഷേപകര്‍ക്കായി തിരികെ കിട്ടാനുള്ളത്. പരാതി നല്‍കിയിട്ടും പ്രയോജനമില്ലെന്ന് കരുതി പിന്മാറിയവരുടെ എണ്ണവും ആയിരം കടക്കും. സങ്കടത്തിരയില്‍പ്പെട്ടവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ ഗുരുതര രോഗാവസ്ഥയിലായി. നിയമനടപടി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആത്മാര്‍ഥമായി ഇടപെട്ട് നിക്ഷേപകരെ സഹായിക്കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ നേതൃത്വത്തില്‍ വാരിക്കൂട്ടിയ സ്വത്ത് വിവരങ്ങള്‍ നിക്ഷേപകര്‍ സ്വന്തം നിലയില്‍ ശേഖരിച്ച് കൈമാറിയെങ്കിലും പ്രയോജനമുണ്ടായില്ല. ക്രൈംബ്രാഞ്ചും ഇ.ഡിയുമെല്ലാം പതിവ് അന്വേഷണം തുടരുന്നു. യാതൊരു ഫലവുമുണ്ടായില്ല. 

ENGLISH SUMMARY:

An 80-year-old sculptor, Narayana Murthy, from Manacaud, Thiruvananthapuram, has lost his life savings of over ₹50 lakhs to the fraud at the BSNL Engineers' Cooperative Society. Despite his advanced age and ill health, he is now forced to seek daily wages for his livelihood. He had deposited his entire savings, earned through a lifetime of hard work, into the society, believing in its trustworthiness. The initially regular returns stopped, leaving him and more than 1500 other depositors in a state of despair. The total amount owed to these depositors is close to ₹300 crores. The fraud has led to suicides and severe illnesses among the victims. While the police and other investigative agencies are conducting routine probes, the depositors are demanding serious government intervention to help them recover their money.