കണ്ണൂർ പഴയങ്ങാടിയിലെ പ്രതീക്ഷാ ബാറിൽ വന്‍ ക്രമക്കേട്. ബാറിലെ പെഗ്ഗിന്റെ അളവ് പാത്രത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 60 മില്ലിയുടെ പാത്രത്തിന് പകരം 48 മില്ലിയുടേതാണ് ഇവിടെ ഉപയോഗിച്ചത്. കൂടാതെ 30 മില്ലിക്ക് പകരം 24 മില്ലിയുടെ അളവുപാത്രവും. തട്ടിപ്പ് വെളിപ്പെട്ടതോടെ ബാറിന് 25,000 രൂപ പിഴ ചുമത്തി.
ആദ്യത്തെ രണ്ട് പെഗ്ഗ് നൽകുന്നത് കൃത്യമായ അളവിലാണ്. ഇതിന് ശേഷം മദ്യപിച്ചയാള്‍ അൽപം ഫിറ്റായി എന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റി, 48 മില്ലിയുടെ മറ്റൊരു അളവ് പാത്രത്തിലാണ് പിന്നീട് മദ്യം അളന്നു കൊടുക്കുന്നത്. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ഉപഭോക്താവിന് കിട്ടുകയുള്ളൂ.
രണ്ടു പെഗ്ഗിനു ശേഷം വീണ്ടും വാങ്ങുന്നവരെയാണ് ബാറുകാര്‍ പറ്റിക്കുന്നത്. ഇരിട്ടിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും നല്‍കുന്ന മദ്യത്തിന്റെ ബ്രാൻഡിലും വ്യത്യാസം കണ്ടെത്തി. ഇവ മറ്റു സ്ഥലങ്ങളിലേക്ക് അനുവദിച്ച മദ്യമാണെന്നാണ് കണ്ടെത്തല്‍.