സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കര്‍ കയ്യൊഴിയുമ്പോള്‍ ജീവിക്കുന്ന രക്തസാക്ഷികളായി നിക്ഷേപകര്‍. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്‍റെ തട്ടപ്പിനിരയായ നെടുമങ്ങാട് ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹത്തെ പോലെ നൂറ് കണക്കിന് നിക്ഷേപകരാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്.
25 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്‍റെ ശേഷിപ്പായിരുന്നു നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സദാനന്ദനും ഭാര്യ സീതയും മുണ്ടേല സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 17 ലക്ഷം. 74–ാം വയസില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ സദാനന്ദന്‍റെ ബലം ആ നിക്ഷേപം നല്‍കുമെന്ന് കരുതിയ സുരക്ഷിതത്വമായിരുന്നു. എല്ലാം മാറി മറിയാന്‍ ഏറെക്കാലം വേണ്ടി വന്നില്ല. രണ്ട് മാസം മുമ്പ് ഹൃദയാഘാതം സംഭവിച്ച് സര്‍ജറി ടേബിളില്‍ മരണത്തെ മുഖാമുഖം കണ്ട് കിടന്നപ്പോഴേക്കും ജീവിതത്തിലെ കാല്‍ നൂറ്റാണ്ട് മരുഭൂമിയില്‍ സമര്‍പ്പിച്ചുണ്ടാക്കിയ സാമ്പാദ്യം രക്ഷയ്ക്കെത്തിയില്ല. ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ചിലവായത് ആറര ലക്ഷം രൂപ. സഹകരണ സംഘം നല്‍കിയത് വെറും 25000 രൂപ.
ഭിന്നശേഷിക്കാരായ രണ്ട് മക്കള്‍. അവര്‍ക്കുവേണ്ടി മണല്‍ വാരിയും കൃഷിപ്പണി ചെയ്തും വാങ്ങിയ ഭൂമി വിറ്റാണ് 17 ലക്ഷം രൂപ ശങ്കര്‍മുഖം സ്വദേശി ബാബുവും ഭാര്യ അല്‍ഫോണ്‍സയും നിക്ഷേപിച്ചത്. ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ നിരാലംബരായ ഈ മക്കള്‍ക്കൊരു സ്ഥിര വരുമാനം. എന്നാല്‍ ഇപ്പോള്‍ രണ്ട് മക്കള്‍ക്കും ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്‍റെ ജീവിത വരുമാനം.
ഇതുപോലെ എത്രയോ ജീവിതങ്ങള്‍. നിയമം ഒച്ചിഴയും വേഗത്തില്‍ നീങ്ങുമ്പോള്‍, തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പണം തിരിച്ച് പിടിക്കാതെ പുതിയ ഭരണ സമിതിയും സഹകരണ വകുപ്പും ഈ മനുഷ്യരെ ആത്മഹത്യകളിലേക്ക് തതള്ളിവിടുകയാണ്. മറ്റൊരു ജീവന്‍ നഷ്ടമാകും മുമ്പെങ്കിലും കണ്ണ് തുറക്കുമോ?