ഡോക്ടര്‍മാരുടെ ക്ഷാമത്തിനൊപ്പം രണ്ട് മാസത്തിലേറെയായി എക്സ് റേ യൂണിറ്റും പണിമുടക്കിയത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ദുരിതമാവുന്നു. അത്യാഹിത വിഭാഗങ്ങളില്‍ ഉള്‍പ്പെടെ പരിശോധനയ്ക്കായി ഏറെ നേരമാണ് കാത്തുനില്‍ക്കേണ്ടി വരുന്നത്. സ്വകാര്യ ചികില്‍സാ സൗകര്യങ്ങള്‍ തേടേണ്ട സ്ഥിതിയിലാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നിര്‍ധനരായ രോഗികള്‍.
ആശുപത്രിയായാല്‍ പരിശോധിച്ച് മരുന്ന് കുറിക്കാന്‍ ഡോക്ടര്‍മാര്‍ വേണം. വിദഗ്ധ ചികില്‍സ കിട്ടണമെങ്കില്‍ പരിശോധന സംവിധാനം അരികിലുണ്ടാവണം. ഇത് രണ്ടുമില്ലാത്ത സ്ഥിതിയാണ് സാധാരണക്കാരായ നിരവധിപേര്‍ ചികില്‍സ തേടിയെടുത്തുന്ന നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍. ഇടുപ്പെല്ലിന്‍റെ എക്സ് റേ എടുക്കുന്ന യന്ത്രം തകരാറിലായിട്ട് രണ്ട് മാസം കഴിഞ്ഞു. തടസങ്ങള്‍ നീക്കി ഉടന്‍ പരിഹാരമെന്ന് സൂപ്രണ്ട് ഉള്‍പ്പെടെ ആവര്‍ത്തിക്കുന്നതല്ലാതെ നടപടിയില്ല. കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട് ചികില്‍സ തേടിയെത്തുന്നവര്‍ ഉള്‍പ്പെടെ അത്യാഹിത വിഭാഗത്തില്‍ ഏറെ നേരമാണ് ഡോക്ടര്‍ക്കായി കാത്തിരിക്കേണ്ടി വരുന്നത്.
ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് ജനപ്രതിനിധികളുടെയും പരാതി. മരുന്ന് ക്ഷാമം തുടരുന്നതിനിടയിലാണ് അടിയന്തര ചികില്‍സാ യന്ത്രങ്ങളും പണിമുടക്കിയിട്ടുള്ളത്. പരിമിതി ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ സമരമുഖത്തേക്കിറങ്ങിയിട്ടും ആരോഗ്യവകുപ്പിന് മെല്ലെപ്പോക്കാണ്.